തൃശൂർ : ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി തൃശൂർ സിറ്റി പോലീസ്. ‘ഓപ്പറേഷൻ ഷീൽഡ്’ എന്ന പേരിലാണ് നടപടികൾ ഏകോപിപ്പിക്കുക. കോവിഡ് – 19 രോഗ സാധ്യത നിലനിൽക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്. തൃശൂർ കോർപ്പറേഷൻ 03, 28, 29, 30, 34, 41, 43, 35, 36, 39, 48, 49 ഡിവിഷനുകൾ, കുന്ദംകുളം മുൻസിപ്പാലിറ്റി 07, 08, 11, 15, 19, 20 ഡിവിഷനുകൾ, കാട്ടാകാമ്പാൽ (06, 07, 09), കടവല്ലൂർ (14, 15, 16) ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളാണ്.

ADVERTISEMENT

രോഗനിർവ്യാപനത്തിനാവശ്യമായ നിയന്ത്രണ നടപടികൾ കണ്ടെയ്ൻമെൻറ് സോണുകളിൽ കർശനമാക്കും. അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ല. ക്രിമിനൽ നടപടിക്രമം സെക്ഷൻ 144 പ്രകാരം മൂന്നുപേരിൽ കൂടുതൽ ആളുകളെ കൂട്ടംകൂടാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും യാത്രാ വാഹനങ്ങളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. അവശ്യ സർവ്വീസുകളിൽ ഉൾപെടുത്തി പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിൽ മൂന്ന് ഉപഭോക്താക്കളെ മാത്രമേ ഒരു സമയം അനുവദിക്കൂ.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ജോലിയെടുക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകൾ തോറും കയറിയിറങ്ങിയുള്ള കച്ചവടം പൂർണമായും നിരോധിച്ചിരിക്കുന്നു. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയ്ക്കൊഴികെ യാതൊരു വിധത്തിലുള്ള സഞ്ചാരവും കണ്ടെയ്ൻമെന്റ് സോണുകളിൽ അനുവദിക്കില്ല. ശരിയായി മാസ്‌ക് ധരിക്കാത്തവരേയും അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവരേയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും.

വ്യാഴാഴ്ച രാവിലെ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ തൃശൂർ ഗരത്തിൽ പോലീസ് സേനയുടെ റൂട്ട് മാർച്ച് നടന്നു. വിവിധ മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തി. വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ കൂട്ടം കൂടി നിന്നവർക്കെതിരേയും മാസ്‌ക് ധരിക്കാതെ കാണപ്പെട്ടവർക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചു. വിവിധ പ്രദേശങ്ങളിൽ വാഹന പരിശോധന, കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തൽ, പോലീസ് പിക്കറ്റ് പോസ്റ്റുകൾ, ക്വാറന്റൈൻ പരിശോധനകൾ തുടങ്ങിയവയ്ക്ക് വേണ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here