ഗുരുവായൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. പാലം വരുന്നതോടെ ക്ഷേത്രനഗരിയിലെ ഗതാഗതകുരിക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗുരുവായൂര്‍ നിവാസികള്‍. ഗുരുവായൂരില്‍ റെയില്‍വേ മേല്‍പ്പാലം എന്ന ആവശ്യത്തിന് കാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 25 വര്‍ഷം മുമ്പ് ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കുന്നത്. അന്ന് മുതല്‍ നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതാണ് കിഴക്കേനടയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്നത്. ഇടത് വലത് സര്‍ക്കാരുകള്‍ മാറി മാറി അധികാരത്തില്‍ വന്നപ്പോഴെല്ലാം നാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും എല്ലാം അസ്ഥാനത്തായിരുന്നു. ഒടുവില്‍ സംസ്ഥാനത്ത് പത്ത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി ജി.സുധാകരന് പ്രഖ്യാപിച്ചപ്പോഴാണ് ഗുരുവായൂര്‍ നിവാസികള്‍ക്ക് ആശ്വാസമായത്.

കിഴക്കേനടയില്‍ റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് മേല്‍പ്പാലം വരുന്നതോടെ ഇല്ലാതാകും. 36 പ്രാവശ്യമാണ് ദിവസവും ഗേറ്റ് അടക്കുന്നത്. കൂടാതെ പലപ്പോഴും ഗേറ്റ് തകരാറിലായി മണിക്കൂറുകളോളം അടച്ചിടേണ്ടി വരാറുമുണ്ട്. ഈ സമയത്തെല്ലാം ഗേറ്റിനിരുവശത്തും കിലോ മീറ്ററുകളോളം വാഹനങ്ങളുടെ നിര വരാറുണ്ട്. പാലം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.കിഫ്ബിയുടെ ധനസഹായത്തോടെ 20.09കോടി രൂപക്കാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന് ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. 21.028 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം അസാധരണ ഗസറ്റായി പ്രസിദ്ധീകരിച്ചത്. പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം നടത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.