ഷാർജ: മലയാളി ബിസിനസുകാരൻ ടി.പി. അജിത് (55) ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ADVERTISEMENT

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സൊലുഷൻസ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സ്പേസ് സൊലൂഷൻസ് ഇന്റർനാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് (കെപിഎൽ–ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.

ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.

ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമർ എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകൾ ലക്ഷ്മി വിദ്യാർഥിയാണ്. അടുത്തിടെ കണ്ണൂരിൽ വീട് സ്വന്തമാക്കിയിരുന്നു.ജോയ് അറയ്ക്കൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞപ്പോൾ അദ്ദേഹം എന്തിന് ഇതു ചെയ്തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിതിന്റെ അഭിപ്രായം.

COMMENT ON NEWS

Please enter your comment!
Please enter your name here