കാസര്‍കോട്: കോവിഡിന് പിന്നാലെ കാസര്‍കോട് ഡെങ്കിപ്പനിയും. ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇതിനോടകം തന്നെ ജില്ലയില്‍ 1856 ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചക്കിടെ ജില്ലയില്‍ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കുറ്റിക്കോല്‍ സ്വദേശിയായ വീട്ടമ്മയും തൃക്കരിപ്പൂര്‍ സ്വദേശിയായ 65 കാരനുമാണ് മരിച്ചത്.

ADVERTISEMENT

കോവിഡില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കാസര്‍കോടിന് വലിയ തിരിച്ചടിയാണ് ഡെങ്കിപ്പനി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മലയോര മേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഡെങ്കിപ്പനി ഇത്തവണ കാസര്‍കോട് നഗരസഭയടക്കം നഗരങ്ങളിലും തീരപ്രദേശത്തും പടരുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ്. 210 പേര്‍ക്കാണ് ഇവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബളാല്‍, കള്ളാര്‍, കുറ്റിക്കോല്‍, പനത്തടി, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നൂറിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ ആരോഗ്യവകുപ്പിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ ഡെങ്കിപ്പനി തടയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ജൂലൈ അവസാനം വരെ വലിയ വര്‍ധനവ് ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here