ഗുരുവായൂർ: അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി. ഇതിലെ ഒരു ഹിറ്റ് ഗാനമാണ് ആ ഒരുത്തി അവളൊരുത്തി” . ഈ ഗാനം ഉടലെടുത്ത ചില ഓർമ്മക്കുറിപ്പുകൾ സാമൂഹിക പ്രവർത്തകൻ ബാബു ഗുരുവായൂർ ഇവിടെ പങ്കുവയ്ക്കുന്നു..

ബോംബെയിൽ വ്യവസായിയായ അങ്ങാടിപ്പുറം സ്വദേശി രാജീവ് നായർ നിർമ്മിച്ച ചിത്രമാണ് അനാർക്കലി. സച്ചിയെക്കൊണ്ട് ഒരു സിനിമ നിർമ്മിക്കാൻ രാജീവ് നായർ ഉദ്ദേശിച്ചു. രാജീവ് നായർ ആദ്യം നിർമ്മിച്ച ഓർഡിനറി സിനിമ വലിയ വിജയമായിരുന്നു. ബിസിനസ്സിൽ വലിയ ബുദ്ധി കാണിക്കുന്ന രാജീവ് നായർ സച്ചിയുടെ പ്രതിഭാ വൈഭവം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അടുത്ത സിനിമ സച്ചിയെ കൊണ്ട് സംവിധാനം ചെയ്യിക്കണമെന്ന് തീരുമാനിച്ചത്. സച്ചി എന്ന തിരക്കഥാകൃത്തിന് ആദ്യമായി സംവിധാന മേലങ്കിയണിയിച്ച ചിത്രമാണ് അനാർക്കലി. രാജീവ് നായർ ജയരാജ് വാരിയരെ സച്ചിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.. പരിചയപ്പെട്ടാൽ മനസ്സിന്റെ പാതാളം വരെ പോകുന്ന ജയരാജ് വാര്യർ സച്ചിനുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ആ സൗഹൃദത്തിന്റെ സമ്മാനമാണ് അനാർക്കലിയിലെ ചേറ്റുവ ഷാജഹാൻ, ചെറിയ വേഷങ്ങളിൽ ഒതുങ്ങിനിന്ന ജയരാജ് വാര്യരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ സച്ചിയുടെ സംഭാവന ജയരാജ് വാര്യർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ചിരി മരുന്നും കൊണ്ടുനടന്ന തന്റെ അഭിനയ ജീവിതത്തെ മാറ്റിമറിച്ച ചേറ്റുവ ഷാജഹാൻ, കാലപ്രസക്തിയുള്ള കഥാപാത്രമാക്കിയ സൃഷ്ടാവാണ് സംവിധായകൻ സച്ചിയെന്ന് അഭിമാനപൂർവം എവിടെയും പറയാമെന്ന് ജയരാജ് വാര്യർ പലപ്പോഴും പറയാറുണ്ട്. അനാർക്കലിയിലെ ആ ഒരുത്തി, അവളൊരുത്തി എന്ന ഹിറ്റായ ഗാനത്തിന്റെ പിറവിയുടെ സന്ദർഭമാണ് ഞാൻ ഇവിടെ പരാമർശിക്കുന്നത്. ജയരാജ് വാര്യർ ഏത് സ്റ്റേജിൽ പോയാലും പ്രേക്ഷകർ ഈ ഗാനം പാടാൻ പറയും.

ഈ ഗാനം ആരെക്കൊണ്ട് എഴുതിക്കണമെന്ന് സച്ചിയും, രാജീവ് നായരും ആലോചനയിൽ മുഴുകി. സംഗീതത്തെ കൂടുതൽ അപഗ്രഥിച്ച സച്ചി പറഞ്ഞു . യൂസഫലി കേച്ചേരിയാണ് ഇതിന് ഏറ്റവും യോജിച്ച ഗാനരചയിതാവ്. അപ്പോൾ എന്നെ സച്ചി വിളിച്ചു. “ബാബു നമുക്ക് നാളെ യൂസഫലി സാറിനെ ഒന്ന് കാണണം. സിനിമയിലെ ഒരു ഗാനം അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണം.” ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി. എന്റെ അച്ഛനുതുല്യം സ്നേഹിക്കുന്ന പതിനാലാംരാവ്കാരനെ സച്ചി തിരഞ്ഞെടുത്തപ്പോൾ എന്റെ മനസ്സ് മറ്റൊരു കല്ലായികടവായി മാറുകയായിരുന്നു. അടുത്ത ദിവസം തന്നെ സച്ചിയും, രാജീവ് നായരും, ഞാനും കൂടി യൂസഫലി കേച്ചേരിയുടെ വീട്ടിലെത്തി. എല്ലാ പിറന്നാളിനും ഒരുമിച്ചിരുന്ന് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുന്ന യൂസഫലിയിക്കാ ചോദിച്ചു. എന്താ ബാബു ഈ വഴി വന്നത്. അത് ഒന്നുമില്ല ഇക്കാ. എന്റെ രണ്ടു സുഹൃത്തുക്കളാണ് സച്ചിയും, രാജീവ് നായരും, അവർ ഒരു പടം ചെയ്യുന്നു, അതിലെ ഒരു ഗാനം എഴുതേണ്ടത് യൂസഫലിക്കയാണ്. ഇതുകേട്ടപ്പോൾ ഒന്നാലോചിച്ചു അദ്ദേഹം പറഞ്ഞു. ബാബു, ഒരു ഗാനമായി ഞാൻ എഴുതാറില്ല. എല്ലാ ഗാനങ്ങളും എഴുതാം. സ്നേഹബന്ധങ്ങൾക്കപ്പുറത്ത് നിർബന്ധബുദ്ധിയുടെ വേലികൾ ഉയർന്നപ്പോൾ അതിനപ്പുറത്തേക്ക് കടക്കാൻ ഞാൻ ബുദ്ധിമുട്ടി. ഇക്കാ, ഈ സിനിമയിൽ അധികം പാട്ടുകൾ ഇല്ല. ഈ പാട്ട് മാത്രമേയുള്ളൂ. ഇത് എഴുതി തരണം. എന്റെ സ്നേഹ വചനങ്ങൾ യൂസഫലിയെന്ന മൃദു മനസ്സിന്റെയുടമയെ തലോടി നിന്നു. ശരി ഞാൻ എഴുതി തരാം. എനിക്ക് 25000 രൂപ തരണം. അതില്ലാതെ ഞാൻ എഴുതില്ല. കൂടെ നിൽക്കുന്ന പരിചിതമല്ലാത്ത മുഖങ്ങൾ എന്നെ നോക്കി. കൊടുക്കാമെന്ന് ആംഗ്യം കാണിച്ചു. ശരി,തരാം, അപ്പോൾ തന്നെ രാജീവ് നായർ 10000 രൂപ അഡ്വാൻസ് കൊടുത്തു. പാട്ടിന്റെ ഭാഗങ്ങൾ സച്ചി, യൂസഫലി സാറിന് പറഞ്ഞുകൊടുത്തു. ഒരു മുസ്ലിം ഗാനമാണ് നമുക്ക് വേണ്ടത്, അത് ചേറ്റുവ ഷാജഹാൻ എന്ന ഗായകൻ ലക്ഷദ്വീപിൽ പാടുന്ന പാട്ടാണ്. പാട്ടിന്റെ രംഗങ്ങളെല്ലാം കേട്ടിരുന്ന യൂസഫലി തലയാട്ടി. സച്ചിയും, ഞങ്ങളും വളരെ സന്തോഷത്തോടെ അവിടെനിന്നും ഇറങ്ങി. കൃഷ്ണ കൃപാസാഗരം പിറന്ന മണ്ണിൽ നിന്നും പോകാൻ കഴിയില്ലെന്ന് സച്ചി ഞങ്ങളോട് പറഞ്ഞു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മകൻ ഉണ്ണിയെ ഞാൻ വിളിച്ചു. അപ്പോൾ ഉണ്ണി പറഞ്ഞു. ഉപ്പ ഹോസ്പിറ്റലിലാണ്, എന്നാൽ പാട്ട് എഴുതിവെച്ചിട്ടുണ്ട്. ഞാൻ ഈ വിവരം രാജീവ് നായരെ അറിയിച്ചു. രാജീവ് നായരും സച്ചിയും കൂടി യൂസഫലി സാറിന്റെ വീട്ടിൽ നിന്നും ആ ഗാനം വാങ്ങാൻ പോയി. ഉണ്ണി ,ആ പാട്ട് സച്ചിക്ക് കൊടുത്തു. സച്ചിയും , രാജീവ് നായരും കൂടി അത് വായിച്ചു. യൂസഫലി കേച്ചേരിയെന്ന അനിതര കവിശ്രേഷ്ഠന്റെ കവിത്വം ആ പാട്ടിൽ കാണാൻ കഴിഞ്ഞില്ല. വീണ്ടും വീണ്ടും അവർ വായിച്ചു. സച്ചി ,ഉണ്ണിയോട് പറഞ്ഞു, ഇതല്ലാ എനിക്ക് വേണ്ടത്. യൂസഫലി കേച്ചേരിയുടെ രചനയാണ് എനിക്ക് വേണ്ടത്. ഇതിൽ യൂസഫലി കേച്ചേരിയെ കാണാനില്ല. ഇതു കേട്ടപ്പോൾ നിർവികാരനായി ഉണ്ണി പറഞ്ഞു. ഇതു ഉപ്പ എഴുതിവെച്ച ഗാനമാണ്. നിങ്ങൾ വന്നാൽ കൊടുക്കണമെന്ന് പറഞ്ഞു. ആദിവാസി ഊരിലെ നഞ്ചമ്മയെ കണ്ടെത്തിയ സച്ചിക്ക് കാവ്യ പ്രതിഭയുടെ എഴുത്തിന്റെ പ്രസന്നമുഖം കാണാത്തതിനാൽ വേണ്ടെന്നു പറഞ്ഞു. അഡ്വാൻസ് തിരികെ ചോദിക്കാതെ അവർ അവിടെ നിന്നും ഇറങ്ങി.കുറച്ചു ദിവസങ്ങൾക്കുശേഷം യൂസഫലി കേച്ചേരി നമ്മോട് വിടപറഞ്ഞു. ചില കവിതകളും ,ഗാനങ്ങളും എഴുതുന്ന രാജീവ് നായരോട് സച്ചി ആ ഗാനം എഴുതാൻ പറഞ്ഞു. ആ ഗാനമാണ് ജയരാജ് വാര്യരെ പ്രശസ്തിയിലേക്ക് ഉയർത്തിയ ചേറ്റുവ ഷാജഹാനായി പാടി അഭിനയിച്ച ആ ഒരുത്തി അവളൊരുത്തി. ചില കാര്യങ്ങൾ ഇങ്ങനെയാണ്. നാം പ്രതീക്ഷിക്കുന്നതല്ല വന്നുചേരുന്നത്.

ജൂൺ 18 ന് ജൂബിലി ഹോസ്പിറ്റലിനു മുന്നിൽ നിരവധി സുഹ്യത്തുക്കൾ പ്രാർത്ഥനയിൽ മുഴുകുകയായിരുന്നു. സച്ചി തിരിച്ചു വരണേയെന്ന്. പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഒഴിഞ്ഞ മൂലയിൽ ഞാനും നിന്നു പ്രാർത്ഥിച്ചു. എന്റെ സച്ചി, പ്രിയ സുഹ്യത്ത് പഴയ പോലെ നമ്മുക്ക് മുന്നിൽ കാണാൻ കഴിയട്ടെ ഈശ്വരാ, അദ്ദേഹത്തിന്റെ ജീവന് ഒന്നും സംഭവിക്കല്ലെ. ഡോക്ടർമാർ പറഞ്ഞ 48 മണിക്കൂറുകൾ ഒന്നു വേഗത്തിൽ നിങ്ങിയെങ്കിൽ. എന്റെ സച്ചിക്കു വേണ്ടി സൂചിയുടെ സമയ പ്രദക്ഷിണത്തിൽ മാത്രം എല്ലാവരും നോക്കിയിരുന്നു. അത്ഭുതം സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലുള്ള കാത്തിരുപ്പ് രാത്രി വരെ നീണ്ടു. അവസാനം ഡോക്ടർമാരുടെ അറിയിപ്പ് വന്നു, സച്ചി പോയി..നമ്മെ വിട്ടു പോയി…ഇനി ഉണരാത്ത മിഴികളിലേക്ക് നോക്കി എല്ലാവരും വിതുമ്പി …

ബാബു ഗുരുവായൂർ ..

LEAVE A REPLY

Please enter your comment!
Please enter your name here