തിരുവനന്തപുരം: മോഹൻലാൽ ഒന്നാം പ്രതിയായ ആനക്കൊമ്പ് കേസിൽ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്ന എറണാകുളത്തെ കോടതിയെ സമീപിക്കും. കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ആഴ്ചതെന്നെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാനാണ് നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർ‌ട്ട് ചെയ്യുന്നു.

മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്.
2012 ജൂണില്‍ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പ് പരിശോധനയ്ക്കിടെയായിരുന്നു ആനക്കൊമ്പുകൾ കണ്ടത്തിയത്. അനധികൃതമായി ആനക്കൊമ്പു കൈവശം വച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ കേസെടുത്തത്. മേക്കപ്പള്ള ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കേസെടുത്തത്. പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആനക്കൊമ്പ് കൈവശം വെച്ചത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിലും വ്യക്തമായിരുന്നു.

എന്നാൽ, കേസിൽ നടപടികൾ പുരോഗമിക്കേ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത് വാർത്തയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നായിരുന്നു കേസ് പിന്‍വലിക്കുന്നതിന് എൻഒസി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here