ന്യൂയോർക്ക് : ഡബ്ല്യു ഡബ്ല്യു ഇയില്‍ (വേള്‍ഡ് റെസ്‌ലിംഗ് എന്‍ര്‍ടെയ്ന്‍മെന്റ്) നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം അണ്ടര്‍ടേക്കര്‍. ട്വിറ്ററിലൂടെയാണ് 55കാരനായ അണ്ടര്‍ടേക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഉചിതമായ സമയത്താണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഇനി തിരികെ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഡബ്ല്യുഡബ്ല്യുഇയും ട്വിറ്ററിലൂടെ അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

റസല്‍മാനിയ 36ല്‍ എ ജെ സ്റ്റെല്‍സിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ഡെഡ് മാന്‍ എന്നറിയിപ്പെട്ടിരുന്ന അണ്ടര്‍ടേക്കറിന്റെ യഥാര്‍ത്ഥ പേര് മാർക്ക് വില്ല്യം കൽവെ എന്നാണ്. തലമുറകളെ ത്രസിപ്പിച്ച താരമായിരുന്നു. മണി മുഴക്കി, ശവപ്പെട്ടി തുറന്ന് പുകച്ചുരുളുകള്‍ക്കിടയിലൂടെ റിംഗിലേക്കുള്ള അണ്ടര്‍ടേക്കറുടെ കടന്നുവരവ് ആരാധകർക്ക് ഒരു ആവേശമായിരുന്നു.

ഏഴ് തവണയാണ് അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യനായിട്ടുള്ളത്. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കി. ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ റെസ്‌ലിംഗ് താരമായിരുന്നു. 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് ചുവട് വെക്കുന്നത്. റസൽമാനിയയിലെ അണ്ടര്‍ടേക്കറിന്റെ തുടർച്ചയായ 21 വിജയങ്ങൾ റെക്കോർഡ് നേട്ടമാണ്. 2018 ൽ ജോൺ സീനയെ മൂന്ന് മിനിട്ടിൽ പരാജയപ്പെടുത്തിയതും കരിയറിലെ സുപ്രധാന നേട്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here