മാനസിക വ്യാപാരങ്ങളെ നിരോധിച്ച് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ദർശനം. പതഞ്ജലി മഹർഷിയാൽ ചിട്ടപ്പെടുത്തി ഭാരതീയ ഋഷിപരമ്പരകളാൽ പ്രചരിക്കപ്പെട്ട അമൂല്യ സമ്പത്ത്.

ജൂൺ 21 ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം ഈ അമൂല്യസമ്പത്തിനു നൽകുന്ന അംഗീകാരമായി. ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.

തികച്ചും ആത്മീയമായ ചിന്താപദ്ധതിയായിരുന്ന യോഗ ദർശനത്തിന്റെ ആധുനിക രൂപമാണ് യഥാർത്ഥത്തിൽ യോഗ. യോഗ ദർശനത്തെപ്പറ്റി ഉപനിഷത്തുകളിൽ നേരത്തെ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗമാണ് യോഗമെന്ന് യാജ്ഞവൽക്യസംഹിത. പത്മാസനസ്ഥനായി മനസും ഇന്ദ്രിയങ്ങളും ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ചാൽ ഭയസാഗരത്തെ കടക്കാമെന്ന് ഉപനിഷത്തുകൾ പറഞ്ഞിട്ടുണ്ട്. ആത്മജ്ഞാനത്തിന് മുൻപ് ബുദ്ധനും മഹാവീരനും യോഗാഭ്യാസങ്ങളോട് കൂടിയ തപസിൽ മുഴുകിയതായി ചരിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ പതഞ്ജലി മഹർഷി യോഗദർശനത്തിന്റെ ഉപജ്ഞാതാവല്ല മറിച്ച് സമ്പാദകനാണെന്നൊരു അഭിപ്രായവും നിലവിലുണ്ട്.

പതഞ്ജലി മഹർഷിയുടെ അഭിപ്രായത്തിൽ ചിത്തവൃത്തികളെ നിരോധിക്കുന്ന ദർശനമാണ് യോഗം. ചിത്തവൃത്തികളെ നിരോധിക്കണമെങ്കിൽ മനസ് ഏകാഗ്രമാകണം. മനസിന്റെ ഏകാഗ്രതയെ തടയുന്ന വിഘ്നങ്ങൾ അകറ്റാനാണ് യോഗാഭ്യാസങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. യോഗാഭ്യാസത്തിന് എട്ട് അംഗങ്ങളാണുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ഈ എട്ടംഗങ്ങൾ. ഇവയിലെ ആദ്യ അഞ്ചംഗങ്ങൾ ബഹിരംഗ സാധന എന്നും അവസാനത്തെ മൂന്നംഗങ്ങൾ അന്തരംഗ സാധന എന്നും അറിയപ്പെടുന്നു. ഈ അഷ്ടാംഗങ്ങളുടെ ലക്ഷ്യം ഇഹലോകത്തിലെ കെട്ടുപാടുകൾ അവസാനിപ്പിച്ച് പൂർണമായ കൈവല്യം നേടുകയെന്നതാണ്. ഇത് ചിത്തശുദ്ധിയുള്ളവർക്ക് മാത്രമേ പ്രാപ്തമാകൂ എന്നാണ് പണ്ഡിതമതം.

ജീവിതചര്യകളെ മേൽക്കുമേൽ സംശുദ്ധമാക്കി, ശരീരത്തെയും മനസിനേയും ഇന്ദ്രിയങ്ങളേയും കർശനമായി നിയന്ത്രിക്കാനാവശ്യമായ സാധനകളിലൂടെ പൂർണത നേടാനുള്ള മാർഗമാണ് യോഗദർശനം. ഈ ദാർശനികമായ അടിത്തറയിൽ ഭൗതികമായ വ്യായാമങ്ങൾക്ക് പ്രാധാന്യമുള്ളതാണ് ആധുനിക കാലത്തെ യോഗ. ശരിയായ ശ്വാസോച്ഛ്വാസം, ശരിയായ ആഹാരം, ശരിയായ വ്യായാമം, ശരിയായ വിശ്രമം തുടങ്ങിയവ പരിശീലിക്കുകയെന്നതാണ് യോഗയുടെ പ്രഥമ ലക്ഷ്യം.

പതഞ്ജലി മഹർഷിയാൽ ചിട്ടപ്പെടുത്തപ്പെട്ട യോഗദർശനത്തിന് സ്വാമി വിവേകാനന്ദനും മഹർഷി അരവിന്ദനും ഭാഷ്യങ്ങളെഴുതി. തിരുമലൈ കൃഷ്ണമാചാര്യയും സ്വാമി ശിവാനന്ദനും, പരമഹംസ യോഗാനന്ദനും, ബി കെ എസ് അയ്യങ്കാരും, പട്ടാഭി ജോയ്സും, സ്വാമി കുവലയാനന്ദനും മഹേഷ് യോഗിയും ശ്രീ ശ്രീ രവിശങ്കറും ബാബ രാംദേവുമെല്ലാം യോഗയെ കൂടുതൽ ജനകീയമാക്കി. യോഗ കടൽ കടന്ന് പ്രചുരപ്രചാരം നേടി.

യോഗാസനങ്ങളിൽ ഇന്ന് ഏറ്റവുമധികം അഭ്യസിക്കുന്ന ഒന്നാണ് സൂര്യ നമസ്കാരം. സൂര്യന് അഭിമുഖമായി നിന്ന് മന്ത്രസഹിതം ചെയ്യുന്ന ആസനങ്ങളുടെ കൂട്ടമാണ് സൂര്യനമസ്കാരം. ഇതിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു. അവയവങ്ങൾക്ക് ദൃഢതയും ആരോഗ്യവും ലഭിക്കുന്നു. അമിതവണ്ണം കുറയ്ക്കാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകാനും സൂര്യനമസ്കാരത്തിന് സാധിക്കുന്നു.

താഡാസനം, ത്രികോണാസനം, ചക്രാസനം, സർവാംഗാസനം, ശീർഷാസനം, ഉത്ഥാനാസനം, പാദഹസ്താസനം, മാർജ്ജാരാസനം, മകരാസനം, വൃക്ഷാസനം, പവനമുക്താസനം, വക്രാസനം, ധനുരാസനം, ശലഭാസനം,ഭുജംഗാസനം, പർവതാസനം തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗങ്ങൾക്കും വ്യായാമവും ആശ്വാസവും നൽകുന്ന നിരവധി ആസനങ്ങൾ യോഗയിലൂടെ അഭ്യസിക്കപ്പെടുന്നു.

ആയുസിനും ആരോഗ്യത്തിനും യോഗ:
ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ. രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്. ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിലൊന്നാമത്തേതാണ് “യമനിയമം” യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ്യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്,

അഹിംസാ സത്യമസ്തേയാ
ബ്രഹ് മചര്യ പരിഗ്രഹാ യമ:
ശൗച സന്തോഷ തപ:സ്വാദ്ധ്വായേശ്വര
പ്രാണിധാ നാനി നിയമാ:

അഹിംസ : മനസ്സാ വാചാ കർമ്മണാ യാതൊരു വിധത്തിലും ദ്രോഹമുണ്ടാക്കാതിരിക്കുക.

സത്യം: സത്യസന്ധത~ഇതിൽ നിന്നും വ്യതിചലിക്കാതിരിക്കാതിരിക്കുക. തമാശക്കുപോലും നുണ പറയരുത്.

അസ്തേയം: abstention from stealing നമുക്ക് അർഹതയില്ലാത്ത ഒരു കാര്യത്തിനു പോലും മനസ്സിനെ പ്രേരിപ്പിക്കാതിരിക്കുക. മനസ്സിനകത്തെ പ്രേരണ പോലും മോഷണ തുല്യമായിരിക്കും. അല്ലാതെ മറ്റൊരാളുടെ വസ്തുക്കൾ മോഷ്ടിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

ബ്രപ്മചര്യം: നാം ജനിക്കുന്നത് എല്ലാ വിധത്തിലുമുളള ഈശ്വരാനുഗ്രഹത്തോടെയാണ്. അവ ദൂർവിനിയോഗം ചെയ്യാതിരിക്കുക.

അപരിഗ്രഹം: ജീവിക്കുവാൻ വേണ്ടി അത്യാവശ്യമില്ലാത്ത വസ്തുക്കളും മറ്റും സമ്പാദിച്ചു
കുട്ടാതിരിക്കുക. ചിന്തിക്കുവാൻ പോലും പറ്റാത്ത ആഗ്രഹങ്ങളുടെ പുറകെ പോകാതിരിക്കുക. സമ്പാദിച്ചു കൂട്ടുവാൻ വേണ്ടി മാത്രം ജീവിതം നീക്കി വക്കാതിരിക്കുക.

ശൗചം: ശരീരവും മനസ്സും അകവും പുറവും ശുചിയാക്കിവക്കുക. വസ്ത്രധാരണം,പെരുമാറ്റം,വിനയം, പരിസര ശുചീകരണം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

സന്തോഷം: എപ്പോഴും സന്തോഷ പ്രദമായ മനസ്സോടെ ഇരിക്കുക അന്യാവശ്യമായ ചിന്തകൾ, പ്രവർത്തികൾ എന്നിവ ഒഴിവാക്കുക. സന്തോഷ പ്രദമായ കാര്യങ്ങളിൽ മാത്രം ഇടപെടുക

തപസ്സ്: തപസ്സിനു വേണ്ടി സ്വീകരിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ജീവിതത്തിൽ എല്ലാകാര്യങ്ങളും ഒരു ചിട്ടയോടു കൂടി നടത്തുവാൻ ശ്രദ്ധിക്കുക.

സ്വദ്ധ്വായം:എല്ലാ ദിവസവും നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുക. നല്ല പ്രവർത്തികളും നല്ല ചിന്തകളും മനസ്സിൽ കടന്നു കുടാൻ ശ്രദ്ധിക്കുക. ദുഷ് പ്രവർത്തികളും ദുഷ്ചിന്തകളും തുടച്ചു മാറ്റുക.

ഈശ്വരപ്രണിധാനം: എല്ലാം ഈശ്വര സന്നിധിയിൽ അർപ്പിക്കുക.

നിയമങ്ങള്‍:
യോഗ – ആസനങ്ങള്‍ ചെയ്യാന്‍ ഉപയോഗ്യമായ നിയമങ്ങള്‍

ആസനങ്ങള്‍ രവിലെയും വൈകുന്നേരവും ചെയ്യാം. രണ്ടു നേരവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും രാവിലെയാണ് കൂടുതല്‍ നല്ലത്. പ്രഭാത കര്‍മ്മങ്ങള്‍ നടത്തിയ ശേഷം വെറും വയറോടെ ആസനങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച്, ആറ് മണിക്കൂ‍റുകള്‍ക്ക് ശേഷം ചെയ്യാം. ആസനം ചെയ്യുന്നതിന് മുമ്പ് ശൌചാദികര്‍മ്മങ്ങളെല്ലാം നടത്തി കഴിഞ്ഞിട്ടുണ്ടാവണം. പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന് പ്രയോജനകരമായ ഓക്സിജന്‍ ആവശ്യം പോലെ ലഭിക്കും. വീ‍ട്ടില്‍ വച്ചാണ് ചെയ്യുന്നതെങ്കില്‍ ആ സ്ഥലത്ത് ഒരു ദീപം കൊളുത്തി വയ്ക്കുകയും അവിടെ സുഗന്ധപൂരിതമാക്കുകയും വേണം. ആസനങ്ങള്‍ ചെയ്യുമ്പോള്‍ കഴിവതും കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. പുരുഷന്മാര്‍ക്ക് ഹാഫ് പാന്റും ബനിയനും ധരിക്കാം. വനിതകള്‍ സല്‍‌വാറും ബ്ലൌസും ധരിക്കാം. എന്നിട്ട് പ്രാണായാമവും മറ്റ് ആസനങ്ങളും ചെയ്യാം.
തറയില്‍ ഒരു കമ്പിളിയോ മാര്‍ദ്ദവാതലമുള്ള പായയോ വിരിച്ചാല്‍ നല്ലത്. ഒരു മണിക്കൂര്‍ ചെയ്യുന്ന ആസനങ്ങള്‍ പൂര്‍ണ്ണമാണെന്ന് കരുതുന്നു. 30 മിനിട്ട് മധ്യമവും ചെറുതായ അഭ്യാസം 15 മിനിറ്റുമാണ്. ഒരാള്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ നേടാന്‍ സാധിക്കണമെങ്കില്‍ അയാളുടെ മനസ് ഏകാഗ്രം ആയിരിക്കണം. പത്തിലധികം വയസാ‍യ കുട്ടികള്‍ക്ക് എല്ലാ അഭ്യാസങ്ങളും ചെയ്യാം. ഗര്‍ഭിണികള്‍ വിഷമകരമായ ആസനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ദീര്‍ഘശ്വാസമെടുത്ത് ഓങ്കാര മന്ത്രവും ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ട് ധ്യാനത്തോടെ സാവധാനം ചെയ്യുക.

ആസനങ്ങളും പ്രാണായാമവും ഏത് അവസ്ഥയിലും ചെയ്യാവുന്നതാണ്. ഇവ ചെയ്താല്‍ ഒരാള്‍ കൂടുതല്‍ ആരോഗ്യവാനാകുന്നു. എന്നാല്‍ രോഗാവസ്ഥയിലുള്ളവര്‍ എല്ലാ ആസനങ്ങളും ചെയ്യരുത്. ദുര്‍ബല ഹൃദയമുള്ളവര്‍ പൂണ്ണശലഭാസനം ധനുരാസനം എന്നിവ ചെയ്യരുത്. ഹെര്‍ണിയ രോഗമുള്ളവര്‍ നാഭിക്ക് കീഴിലുള്ള ഭാഗത്തിന് സമ്മര്‍ദ്ദം കൊടുക്കുന്ന ആസനങ്ങള്‍ ചെയ്യരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ശിര്‍ഷാസനമോ തലയ്ക്ക് പ്രയാസമുണ്ടാക്കുന്ന ആസനങ്ങളോ ചെയ്യരുത്. കഴുത്തിന് പിന്നില്‍ വേദനയുള്ളവര്‍ മുന്നോട്ട് കുനിയേണ്ട അഭ്യാസങ്ങള്‍ ചെയ്യരുത്. ആസനങ്ങള്‍ ചെയ്ത് അരമണിക്കൂറിനകം ഭക്ഷണം കഴിക്കണം. ഭക്ഷണത്തില്‍ പവിത്രവും പരിശുദ്ധവുമായ വസ്തുക്കളടങ്ങണം. പൊരിച്ചതും മസാല ചേര്‍ത്തതുമായ ഭക്ഷണം കഴിക്കരുത്. ആസനങ്ങള്‍ക്ക് ശേഷം ചായ കുടിക്കരുത്. ഒരു പ്രാവശ്യം ചായ കുടിച്ചാല്‍ കരളിലെ 50 ശരീര കോശങ്ങളും മറ്റ് നേര്‍ത്ത ഗ്രന്ഥികളും നശിക്കും.
ആസനങ്ങള്‍ ചെയ്യുന്ന സമയത്ത് മുന്നോട്ട് കുനിയുമ്പോള്‍, ശ്വാസം പുറത്ത് വിടുന്നതും, പിന്നോട്ട് വളയുമ്പോള്‍ ശ്വാസം ഉള്ളിലേക്കെടുക്കുന്നതുമാണ് സാധാരണം നിയമം. നാസാരന്ധ്രങ്ങളിലൂടെ മാത്രമേ ശ്വസിക്കാന്‍ പാടുള്ളൂ. വായിലൂടെ ശ്വസിക്കരുത്. ഏകാഗ്രത വര്‍ദ്ധിക്കാനായി കണ്ണുകളടച്ച് ആസനം ചെയ്യുക. ഇതോടെ മാനസിക സംഘര്‍ഷവും അശ്രദ്ധയും അലക്ഷ്യഭാവവും ഇല്ലാതാവും.

ചില ആസനങ്ങള്‍ ഇരു വശത്തും ചെയ്യേണ്ടതാണ്. ഒരു ആസനം വലതു വശം ചെരിഞ്ഞ് കിടന്ന് ചെയ്താല്‍ അതേപോലെ മറുവശം ചെരിഞ്ഞ് കിടന്നും ചെയ്യണം. ഇതല്ലാതെ, പേശികളുടെയും സന്ധികളുടെയും അഭ്യാസങ്ങള്‍ വിപരീത ദിശയില്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ അഭ്യാസാവര്‍ത്തനങ്ങളുടെയും എണ്ണം നിശ്ചയിക്കുക. അഭ്യാസത്തിന് ശേഷം ശരീരാവയവങ്ങള്‍ക്ക് അയവ് ലഭിക്കാന്‍ വേണ്ടി എട്ട് മുതല്‍ പത്ത് മിനിറ്റ് നേരെ വരെ ശവാസനം ചെയ്യണം.
ആസനങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷീണം തോന്നുകയാണെങ്കില്‍ ശരീരതെ വിശ്രമിപ്പിക്കാന്‍ ശവാസനവും മകരാസനവും ആ സമയത്ത് ചെയ്യണം. ക്ഷീണം തോന്നുമ്പോള്‍ അഭ്യാസത്തിനിടയ്ക്ക് വിശ്രമം എടുക്കാം. യോഗ അഭ്യസിക്കുന്നവര്‍ വികാരത്തേയും നിയമങ്ങളെയും പ്രതിരോധിക്കുന്ന ശീലം ശ്രദ്ധിക്കണം.
ശരീരത്തിലെ ചൂട് വളരെ ഉയര്‍ന്നിട്ടുണ്ടെങ്കിലോ പനിയുണ്ടെങ്കിലോ അത്തരം അവസ്ഥയില്‍ ആസനങ്ങള്‍ ചെയ്യുമ്പോള്‍ ചൂട് കൂടുകയാണെങ്കില്‍ ഇടത്തെ മൂക്കിലൂടെ ശ്വാ‍സം വലിച്ചെടുക്കുകയും വലത്തെ മൂക്കിലൂടെ ശ്വാസം പുറത്തു വിടുകയും ചെയ്യുക. ഇത് പലതവണ ആവര്‍ത്തിച്ചുകൊണ്ട് ചൂട് സാധാരണ നിലയിലേക്ക് കൊണ്ടുവരണം. ആസനങ്ങള്‍ ചെയ്യുമ്പോള്‍ വിയര്‍ക്കുകയാണെങ്കില്‍ തോര്‍ത്ത് കൊണ്ട് തുടച്ചെടുത്ത് കളയണം. ഇത് ദേഹത്തിന് ഉന്മേഷം നല്‍കും. ചര്‍മ്മം ആരോഗ്യകരമായിരിക്കും. അഭ്യാസം ചെയ്ത് 15 മുതല്‍ 20 മിനിറ്റിനു ശേഷം ശരീരത്തിന്റെ ചൂട് സാധാരണ നിലയിലായാല്‍ കുളി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം എന്തുകൊണ്ടും ഭാരതത്തിന് അഭിമാനകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പരിശ്രമം കൊണ്ടാണ് ഇത് സാദ്ധ്യമായത്. പ്രധാനമന്ത്രിയായതിനു ശേഷം യു എൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന അവസരത്തിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കണമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചത്. നൂറ്റിയെഴുപത്തഞ്ചോളം രാഷ്ട്രങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചു. യു എൻ പ്രമേയങ്ങളിൽ ഇന്നുവരെ ഉള്ളതിലെ ഏറ്റവും വലിയ പിന്തുണയാണ് അന്തർദേശീയ യോഗദിന പ്രമേയത്തിന് ലഭിച്ചത്.

മനുഷ്യരുടെ സുഖത്തിനും ദുഖത്തിനും ബന്ധത്തിനും മോക്ഷത്തിനുമെല്ലാം കാരണം മനസാണെന്നാണ് ഭാരതീയചിന്താധാരകൾ പറയുന്നത്. ആധുനിക മാനേജ്മെന്റ് സംവിധാനങ്ങൾ പോലും മനോനിയന്ത്രണത്തിന് പ്രാധാന്യം നൽകുന്നുണ്ട്. മനസിനെയും ശരീരത്തെയും സമന്വയിപ്പിക്കുന്ന യോഗദർശനത്തിന് ആധുനിക കാലത്ത് പ്രസക്തിയേറുന്നതും അതുകൊണ്ട് തന്നെ. നിരന്തരമായ സംഘർഷങ്ങളാൽ മഗ്നമായ ലോകക്രമത്തിന് ആശ്വാസം നൽകാൻ ഭാരതത്തിന്റെ യോഗ ദർശനത്തിന് കഴിയും. അതെ ലോകഗുരുസ്ഥാനത്തേക്ക് ഭാരതം വീണ്ടുമെത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here