ഗുരുവായൂർ : അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ അനുസ്മരിച്ച് സാമൂഹിക പ്രവർത്തകൻ ബാബു ഗുരുവായൂർ ഓർമ്മകൾ ഇവിടെ പങ്കുവയ്ക്കുന്നു.. നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി. ഒത്തിരി നേരത്തെയാണ് ഈ യാത്ര. ഒരുപാട് കാതലും കഴമ്പുമുള്ള കഥകൾ മനസ്സിലുള്ള ഒരു എഴുത്തുകാരൻ. പ്രതിഭയാർന്ന ഒരുപാട് സിനിമകൾ ഇനിയും പ്രേക്ഷകർക്ക് നൽകാനുള്ള സംവിധായകൻ. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്‍റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചിയേട്ടൻ..

ADVERTISEMENT

സച്ചിയെ കുറിച്ച് ബാബു ഗുരുവായൂരിന്റെ വികാരനിര്‍ഭരമായ ഓർമക്കുറിപ്പ് താഴെ കൊടുക്കുന്നു

‘ജയരാജ് വാര്യരാണ് എന്നെ സച്ചിയെ പരിചയപ്പെടുത്തിയത് . ആ സൗഹൃദം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു. ഇടയ്ക്കിടെ സച്ചി ഗുരുവായൂരപ്പനെ കാണാൻ വരുമായിരുന്നു ഒരിക്കൽ എന്നോട് പറഞ്ഞു. ബാബു , എനിക്ക് ഭഗവാന്റെ അടുത്ത് കുറച്ചു കാലം ഇരിക്കണം… എറണാകുളത്ത് ഇരുന്നാൽ എഴുത്ത് നടക്കുന്നില്ല. ഓരോ കൂട്ടുകാർ വരും സംസാരിച്ചിരിക്കും. ഒരു പണിയും നടക്കുന്നില്ല. നല്ല ഒരു ഫ്ലാറ്റ് വാടകയ്ക്ക് കിട്ടിയാൽ ഒന്നു നോക്കു, ഞാൻ വേഗം സച്ചിനുവേണ്ടി ഫ്ലാറ്റുകൾ നോക്കാൻ ഞാൻ തുടങ്ങി. അപ്പോഴാണ് തൃശൂരുള്ള കെ. ആർ .സി .മേനോൻ അദ്ദേഹത്തിന് ഗുരുവായൂരിൽ ഒരു ഫ്ലാറ്റ് ഉണ്ട് എന്നും,വാടകയ്ക്ക് ആരെങ്കിലുമുണ്ടെങ്കിൽ നോക്കണമെന്ന് എന്നെ വിളിച്ചു പറയുന്നത്. ഉടൻ തന്നെ ഞാൻ ആളുണ്ടെന്ന് അറിയിച്ചു. മൂന്ന് ബെഡ്റൂം ഉള്ള കിഴക്കേ നടയിലെ ഗോവിന്ദ് ഫ്ലാറ്റിൽ നിന്നും അമ്പലത്തിലേക്ക് വളരെ കുറച്ച് ദൂരമേയുള്ളു , സച്ചി അവിടേയ്ക്ക് താമസമായി . ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം വലുതായി വരികയായിരുന്നു . സാധാരണ മനുഷ്യന്റെ കിരീടം മാത്രം അണിഞ്ഞ വിനയത്തിന്റെ ആൾരൂപമായിരുന്നു സച്ചി . കൂടെ ഡ്രൈവറും എല്ലാ കാര്യങ്ങളും നോക്കുന്ന സ്വാമി എന്ന് വിളിക്കുന്ന ഒരാളുണ്ടായിരുന്നു. കാലത്ത് ഒരു 7.30
ആകുമ്പോൾ എന്നെ വിളിക്കും ബാബു എവിടെയാണ്, നമുക്ക് തൊഴാൻ പോകേണ്ടേ, ഞാൻ ഇപ്പോൾ വരാം എന്നു പറയും. രണ്ടുപേരുംകൂടി ക്ഷേത്ര ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെ നടയിൽ ജയശ്രീ തിയേറ്ററിനു മുന്നിലുള്ള വാസുവേട്ടന്റെ കടയിലേക്ക് ചായ കുടിക്കാൻ പോകും. ഇത് സ്ഥിരം പതിവായിരുന്നു . പ്രഭാതത്തിലെ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര ആറുമാസം വരെ നീണ്ടുനിന്നു . സച്ചി എന്നെ വിളിക്കുന്നത് വാട്സപ്പ് റൈറ്റർ എന്നാണ് . അക്ഷരങ്ങളെ അമ്മയെപ്പോലെ പോലെ സ്നേഹിക്കുന്ന ഒരു കലാകാരൻ കൂടെ ഇരിക്കുമ്പോൾ എന്നിലെ അക്ഷരനക്ഷത്രങ്ങളും പ്രകാശിക്കുകയായിരുന്നു . ചില ദിവസം ഉച്ചയ്ക്ക് എന്നെ ഊണുകഴിക്കാൻ വിളിക്കും. ബാബു സ്വാമി ഉണ്ടാക്കിയ നല്ല മീൻകറി ഉണ്ട് നമുക്കിന്ന് ഒരുമിച്ചു കഴിക്കാം. ഒരേ സഹോദരങ്ങളെപ്പോലെ അപ്പോഴേക്കും ഞങ്ങൾ സ്നേഹാമൃതം പങ്കിട്ടെടുക്കുകയായിരുന്നു . ഭഗവാനെ കാണാൻ പോകുമ്പോൾ സച്ചി വടക്കേ നടയിലെ രാമചന്ദ്രേട്ടന്റെ കടയിൽ നിന്നും കദളിക്കുല വാങ്ങും . സച്ചിയെ കാണുമ്പോഴേക്കും അവർ കദളിക്കുല തയ്യാറാക്കിവെച്ചിരിക്കും. സുഖം തന്നെയല്ലേ എന്ന സൗഹൃദ സംഭാഷണത്തോടെ അമ്പലത്തിലേക്ക് നടന്ന്നീങ്ങും . ഗുരുവായൂരിൽ ഇരുന്നു തയ്യാറാക്കിയ തിരക്കഥയാണ് രാമലീല. അതിന്റെ സംവിധായകൻ അരുൺ ഗോപി ഇടക്ക് വരുമായിരുന്നു. സച്ചിയുടെ ആത്മമിത്രങ്ങളായ ബിജുമേനോനും, സുരേഷ് കൃഷ്ണയും , ജയരാജ് വാര്യരും ഫ്ലാറ്റിൽ നർമ്മസൗഹൃദ സംഭാഷണങ്ങൾക്ക് എത്തുമായിരുന്നു. ഒരു കാഴ്ചക്കാരനായി പങ്കെടുക്കാൻ എനിക്കും അവസരം കിട്ടിയിരുന്നു. ഗുരുവായൂർ നിവാസിയായി മാറിയ സച്ചി എന്റെ സുഹൃത്തുക്കളായ ഗാനരചയിതാവ് ബി.കെ .ഹരിനാരായണൻ , കെ.പി. ഉദയൻ , കൃഷ്ണകുമാർ വിസ്ഡം എന്നിവരുമായി കൂടുതൽ അടുപ്പമായി. ഇടയ്ക്ക് എറണാകുളത്തെ വീട്ടിലേക്ക് രണ്ടുദിവസം താമസിക്കാൻ പോകും, വന്നാൽ പിന്നെ വായനയും എഴുത്തുമായി സച്ചി മുഴുകയായിരുന്നു. ആറുമാസമായി ഈ യാത്ര തുടരുമ്പോഴാണ് ഗുരുവായൂരിൽ നിന്ന് വിടവാങ്ങാൻ അദ്ദേഹം നിർബന്ധിതനായത്. വാതിലുകളും , ജനലുകളും തുറന്നിട്ടാൽ റോഡിൽനിന്ന് പൊടിപടലങ്ങൾ റൂമിലേക്ക് വരുമായിരുന്നു. അങ്ങനെ പൊടി പടലത്തിന്റെ അലർജി അദ്ദേഹത്തെ പിടികൂടി. മൂന്നുനാലു ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടിവന്ന സച്ചി എന്നോട് പറഞ്ഞു. ബാബു ഞാൻ ഇവിടെ നിന്നും നാട്ടിലേക്ക് പോകുകയാണ് പൊടിയുടെ അലർജി പിടിപെട്ടത് മൂലം ഒന്ന് മാറി നിൽക്കട്ടെ., അങ്ങനെ സച്ചി ഗുരുവായൂരിൽ നിന്നും മടങ്ങി. എല്ലാ വർഷവും തൃശ്ശൂർ ഔഷധിയിൽ ഉഴിച്ചിലിന് വരാറുണ്ട്. രജിതൻ ഡോക്ടർ ആണ് വേണ്ട ആയുർവേദ മരുന്നുകളും , ഭക്ഷണങ്ങളും നൽകുക. ലോക്ക് ഡൗൺ കാലത്ത് ഇടയ്ക്ക് എന്നെ വിളിക്കുമായിരുന്നു , എന്താ ബാബു അവിടുത്തെ വിശേഷങ്ങൾ ….. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ ?. പുറത്തിറങ്ങാൻ പറ്റാത്ത വിഷമം മാത്രമേയുള്ളു അല്ലേ ഈ നിയന്ത്രണങ്ങൾ എല്ലാം തീർന്നു ഞാൻ വരാം. സിനിമ വിജയിച്ചതിന് ശേഷം ഞാൻ ഭഗവാന്റെയടുത്തു വന്നിട്ടില്ല. അവസാനമായി ഗുരുവായൂരിൽ വന്നത് അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്ന ദിവസമാണ്. അന്ന് കാലത്ത് കദളിക്കുല സമർപ്പിച്ച് പ്രാർത്ഥിച്ചു വേഗം തന്നെ എറണാകുളത്തേക്ക് മടങ്ങി. മലയാളത്തിന്റെ അതുല്യനായ തിരക്കഥാകൃത്തും , സംവിധായകനുമായ സച്ചിയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണ് വായനാദിനം ആയ ഇന്നലെ അകാലത്തിൽ പൊലിഞ്ഞു പോയ അക്ഷരതേജസിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു …..’🙏

ബാബു ഗുരുവായൂർ…

COMMENT ON NEWS

Please enter your comment!
Please enter your name here