ന്യൂ ഡെൽഹി: ചൈന അതിര്‍ത്തിയില്‍ ചൈനയുടെ കൈയേറ്റമൊന്നും നടന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നതിനിടെ ഗാല്‍വാന്‍ താഴ് വര തങ്ങളുടെതാണെന്ന അവകാശാവാദം ആവര്‍ത്തിച്ച്‌ ചൈന. ഇന്നലെ രാത്രി ഇത് സംബന്ധിച്ച്‌ പ്രസ്താവന ഇറക്കിയതിന്റെ പിന്നാലെ ഇന്നു രാവിലെ ചൈനീസ് വിദേശകാര്യ വക്താവ് ഈ വാദം ആവര്‍ത്തിച്ചു. ‘നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് ഗാല്‍വന്‍ താഴ് വര, വര്‍ഷങ്ങളായി ചൈനയുടെ അതിര്‍ത്തി സേന ഇവിടെ പെട്രോളിംങ് നടത്തുന്നതാണ്’ ചൈന വിദേശകാര്യ വകുപ്പിന്റെ വക്താവ് ലിജിയാന്‍ ‌സാവോ ട്വീറ്റ് ചെയ്തത്.

ADVERTISEMENT

ഇന്നലെ രാത്രി ചൈനയുടെ വിദേശകാര്യ വകുപ്പ് ഗാല്‍വാന്‍ അവരുടെ ഭൂമിയാണെന്ന് വാദമുന്നയിച്ചു കൊണ്ട് വിശദമായ പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന പുറത്തുവന്നത്.

‘ ഇന്ത്യ ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറ് ഭാഗത്ത് ചൈനയുടെ ഭാഗത്താണ് ഗാല്‍വന്‍ സ്ഥിതിചെയ്യുന്നത്. ഈ മേഖലയില്‍ എത്രയോ വര്‍ഷങ്ങളായി ചൈനീസ് പട്ടാളം പെട്രോളിംങ് നടത്താറുണ്ട്. ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ സൈന്യം ഇവിടെ ഏകപക്ഷീയമായി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുകയാണ് ചെയ്തത്. നിരവധി തവണ ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിച്ചെങ്കിലും ഇന്ത്യ നിയന്ത്രണ രേഖ കടക്കുകയായിരുന്നുവെന്ന് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ ആരോപിച്ചു. മെയ് ആറ് രാത്രിയില്‍ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതായും ചൈന ആരോപിച്ചു.

നിലനില്‍ക്കുന്ന അവസ്ഥ അട്ടിമറിച്ച്‌ ചൈനയുടെ പെട്രോളിംങ് ഇന്ത്യ തടസ്സപ്പെടുത്തിയെന്നാണ് ചൈനയുടെ ആരോപണം. ഇപ്പോഴുണ്ടായ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദി ഇന്ത്യയാണെന്നും ചൈന ആരോപിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തിന് ചൈന വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഔദ്യോഗിക വക്താവ് അവകാശപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്‍വാങ്ങേണ്ടിവന്നുവെന്നും ചൈന അവകാശപ്പെട്ടു. ജൂണ്‍ ആറിന് നടന്ന ചര്‍ച്ചയില്‍ ഗാല്‍വാന്‍ നദി കടക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നതായും ചൈന അവകാശപ്പെട്ടു. സൈന്യങ്ങളുടെ ഘട്ടഘ്ട്ടമായുള്ള പിന്‍മാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും അന്ന് ധാരണയിലെത്തിയതായി വിദേശകാര്യ വകുപ്പ് അവകാശപ്പെട്ടു. എന്നാല്‍ ഈ ധാരണയെല്ലാം ലംഘിച്ചാണ് ഇന്ത്യ ജൂണ്‍ 15 ന് നിയന്ത്രണ രേഖ കടന്നത്. ചൈനീസ് ഓഫീസര്‍മാരെ ആക്രമിക്കുകയും ചെയ്തു. ഇതാണ് ശാരിരിക ഏറ്റുമുട്ടലിലേക്കും മരണത്തിലേക്കും നയിച്ചതെന്നുമാണ് ചൈനയുടെ അവകാശവാദം. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയുടെ വിദേശകാര്യവകുപ്പ് ആരോപിച്ചു.

.
ചൈനയുടെ ആരോപണങ്ങളോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഗാല്‍വാന്‍ താഴ് വരയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഉന്നയിച്ചത് ചൈനയുടെ പട്ടാളമായിരുന്നു. 1962 മുതലുള്ള ചൈനയുടെ ഭൂപടങ്ങളിലൊന്നും ഗാല്‍വാന്‍ ഉണ്ടായിരുന്നില്ല. ലഡാക്ക് മുതല്‍ പശ്ചിമ അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ 23 തര്‍ക്ക പ്രദേശങ്ങളാ്ണ് ഉള്ളത്. ഈ തര്‍ക്ക പ്രദേശങ്ങളുടെ കൂട്ടത്തിലും ഗല്‍വാന്‍ ഇല്ല. ചൈന ഈ മേഖലയില്‍ പുതുതായി അവകാശവാദം ഉന്നയിക്കുകയാണെന്നാണ് ഇതിലൂടെ തെളിയുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here