കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ നടക്കും. ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനത്തിന് വയ്ക്കുക. എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നു സച്ചി. അതിന് ശേഷം മൃതദേഹം തമ്മനത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെയും പൊതു ദര്‍ശനനത്തിന് വയ്ക്കും.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിരവധി പ്രമുഖരാണ് സച്ചിക്കു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here