വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ. ജൂലൈ ആദ്യം മുതൽ നൽകുന്ന ബില്ലിൽ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എന്‍.എസ് പിള്ള അറിയിച്ചത്. ഇളവിനായി വൈദ്യുതി ഓഫീസിൽ പോകേണ്ട ആവശ്യമില്ലെന്നും ഇളവ് നൽകിയത് വൈദ്യുതി ചാർജ് വർധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു. രണ്ട് മാസത്തെ റീഡിങ്ങാണ് ഉപഭോക്താക്കൾക്ക് ഗുണകരമെന്നും മാസ ബില്ലിലേക്ക് പോകുമ്പോൾ അധിക ചിലവുണ്ടാകുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു.

ADVERTISEMENT

2020 ഏപ്രിൽ 20മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിലെ വൈദ്യുതി ബില്ലുകൾക്കാണ് ഇളവുകൾ ലഭ്യമാകുക. ജൂലൈ ആദ്യ ആഴ്ചമുതൽ നൽകുന്ന വൈദ്യുതിബില്ലുകൾ ഈ ഇളവുകൾ ഉൾപ്പെടുത്തി ഉള്ളതായിരിക്കും. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി, കോവിഡ് 19നെ തുടർന്നുള്ള ലോക്ക് ഡൗൺ സമയത്തെ ഉപഭോഗ വർധനവും കണക്കിലെടുത്താവും ഇളവുകൾ അനുവദിക്കുക.

ബിൽതുക ഇതിനകം അടച്ചവർക്കും തുടർന്നുള്ള ബില്ലുകളിൽ സബ്സിഡി ക്രമപ്പെടുത്തി നൽകുന്നതാണ്. ഇതുവരെ വൈദ്യുതിബിൽ ഒടുക്കാത്തവർക്ക് ഗഡുക്കളായി അടക്കുവാനും അവസരം ഉണ്ട്. ഗഡുകളുടെ എണ്ണം അഞ്ചായി വർധിപ്പിച്ചു. സെക്ഷൻ ഓഫീസിലോ 1912എന്ന കെ.എസ്.ഇ.ബിയുടെ കാൾ സെന്‍റർ നമ്പറിൽ ബന്ധപ്പെട്ടോ തവണകൾ ആക്കാനും സാധിക്കും. ഇതിനു പുറമെ സ്വമേധയാ ബിൽതുകയുടെ അഞ്ചിലൊന്ന് ഓൺലൈനായി അടച്ചും തവണകളായി മാറ്റാവുന്നതാണ്. ഇത് സെക്ഷൻ ഓഫീസിലോ 1912 എന്ന കാൾ സെന്‍റർ നമ്പറിലോ അറിയിക്കേണ്ടതാണ്. തവണകൾ ആവശ്യമില്ലാത്തവർക്ക് നിലവിൽ ലഭിച്ച ബിൽതുകയുടെ 70 ശതമാനം ഇപ്പോൾ അടച്ചാൽ മതിയാകും. ബാക്കിതുക തുടർന്നുള്ള ബില്ലുകളിൽ ഇളവുകൾ ഉൾപ്പെടുത്തി നൽകുന്നതായിരിക്കും. ആദ്യമായി ഓൺലൈൻ മുഖാന്തിരം പണമടക്കുന്നവർക്കു ബിൽതുകയുടെ 5 ശതമാനം, പരമാവധി 100 രൂപവരെ ക്യാഷ് ബാക്ക് ആയി നൽകുന്ന ആനുകൂല്യം 2020 ഡിസംബർ 31വരെ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here