ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ കൂട്ടാൻ നീക്കവുമായി മോദി സർക്കാർ. വാണിജ്യ- വ്യവസായ വകുപ്പുകൾ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തും. തീരുമാനം അംഗീകരിച്ചാൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഉയരും.

അതേസമയം, ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷ വിഷയത്തിൽ ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച തുടരും. ഇന്നലത്തെ ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ഇന്ന് മേജർ ജനറൽമാർ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മർദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതോടൊപ്പം ചൈന അതിർത്തിയിൽ ബുൾഡോസറുകൾ എത്തിച്ച് നിർമ്മാണ പ്രവർത്തനം തുടരുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്.

അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗവും ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും. നയ തന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here