നമുക്ക് മുന്‍പേ ജീവിച്ച മനുഷ്യര്‍ ജീവിതം കൊണ്ട് നേടിയ അറിവുകളാണ് പുസ്തകങ്ങളെന്നും ആ അറിവ് നേടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും എംടി വാസുദേവന്‍ നായര്‍. സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തിയ ഓണ്‍ലൈന്‍ വായനാവാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിനോടൊപ്പം ആനന്ദവും നല്‍കാന്‍ കഴിയുന്ന ഒരേയൊരു പ്രവൃത്തി വായനയാണ്. തന്റെ കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ കിട്ടാനുണ്ടായിരുന്നില്ല. ദൂരെ സ്ഥലങ്ങളില്‍ ചെന്ന് പുസ്തകം സംഘടിപ്പിക്കുകയായിരുന്നു പതിവ്. സ്ത്രീകള്‍ ഉള്‍പ്പെടെ വീട്ടിലുള്ളവര്‍ക്ക് വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് പുസ്തകം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. എല്ലാ സ്‌കൂളിലും ഭേദപ്പെട്ട ലൈബ്രറികളുണ്ട് എന്നത് സന്തോഷകരമാണ്. ലോകത്തെ ഏറ്റവും വലിയ വിപ്ലവം കടലാസിന്റെ കണ്ടുപിടിത്തമാണ്. ചൈനയാണ് കടലാസ് കണ്ടുപിടിച്ചത്. പിന്നീടത് അറബികളിലെത്തി. ശാസ്ത്രവും സാഹിത്യവും ഇത്രമേല്‍ വളര്‍ച്ച നേടിയത് പുസ്തകങ്ങളിലൂടെയാണ്. കവിതയും നോവലും തത്വചിന്തയുമെല്ലാം അടങ്ങുന്ന വലിയ പ്രപഞ്ചമാണ് വായനയുടേത്. അതെല്ലാം ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കേണ്ടതുണ്ട്. പാഠപുസ്തകത്തിലുള്ളത് മാത്രം വായിക്കലോ മനസിലാക്കലോ അല്ല പഠനമെന്നും എം ടി പറഞ്ഞു.

ഐസക് ബാഷവിസ് സിംഗര്‍ എന്ന മഹാനായ എഴുത്തുകാരനോട് ഒരു കുട്ടി ചോദിച്ചത് നിങ്ങളെന്തിനാണ് എഴുതുന്നതെന്നാണ്. തൊണ്ണൂറാമത്തെ വയസില്‍ ഒരു കോളജിലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു ആ കുട്ടിയുടെ ചോദ്യം. നിങ്ങളെ പഠിപ്പിക്കാനും രസിപ്പിക്കാനുമാണ് ഞാനെഴുതുന്നത് എന്നായിരുന്നു നോബല്‍ പ്രൈസ് ജേതാവായ അദ്ദേഹത്തിന്റെ മറുപടി. ലോകത്തെല്ലാ എഴുത്തുകാരും നേരിടുന്ന ചോദ്യമാണിത്. എല്ലാവര്‍ക്കും പറയാനുള്ള മറുപടിയാണ് സിംഗര്‍ പറഞ്ഞിട്ടുള്ളതെന്നും കുട്ടികള്‍ക്കായി തയാറാക്കി നല്‍കിയ വിഡിയോ സന്ദേശത്തില്‍ എംടി പറഞ്ഞു. വരും ദിവസങ്ങളില്‍ യുഎ ഖാദര്‍, കെപി രാമനുണ്ണി, ഖദീജ മുംതാസ്, വിആര്‍ സുധീഷ്, യുകെ കുമാരന്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവരുടെ പ്രഭാഷണങ്ങളാണ് സംപ്രേഷണം ചെയ്യുകയെന്ന് ജില്ലാ പോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ എകെ അബ്ദുള്‍ ഹക്കീം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here