തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആര് സച്ചിദാനന്ദന് ) അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.
സച്ചിക്ക് ബ്രെയിന്‍ ഹൈപ്പോക്സിയ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലച്ചോറിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്ത സമയത്താണ് ബ്രെയിന്‍ ഹൈപ്പോക്സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിന്‍ഞ്ചുറി, സ്ട്രോക്ക്, കാര്‍ബണ്‍ മോണോക്സൈഡ് വിഷം എന്നിവയാണ് ബ്രെയിന്‍ ഹൈപ്പോക്സിയയുടെ മറ്റ് കാരണങ്ങള്‍.

എഴുത്തുകാരന്, കവി, നാടക കലാകാരന്, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. എഴുത്തുകാരനായ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിന്‍ഹുഡ് (2009), മേക്കപ്പ് മാന്‍ (2011), സീനിയേഴ്സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകര്‍ഷകവും രസകരവുമായ ശൈലിയില്‍ അദ്ദേഹം പ്രശസ്തനാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ച പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച അനാര്‍ക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.