കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്. നേരത്തെ ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്‍ന്നു.

ADVERTISEMENT

മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവറായ ഇയാൾ നേരത്തെ റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്‍റീൻ കേന്ദ്രത്തിലും പോയിരുന്നു. കര്‍ണാടകത്തില്‍ നിന്ന് മദ്യം കടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം സുനില്‍ അടങ്ങിയ സംഘം പിടികൂടിയിരുന്നു. ഇതിൽ ഒരാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു. ഇയാളെ ഇതുവരേയും പിടികൂടാൻ സാധിച്ചിട്ടില്ല. അതിനാല്‍ ഇയാള്‍ക്ക് രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.മറ്റ് സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. എന്നാല്‍ ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യത്തില്‍ മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here