ലഡാക്ക് : തിങ്കളാഴ്ച രാത്രി ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും 40ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടായി ഇന്ത്യൻ ആർമി ഇന്നലെ അറിയിച്ചിരുന്നു. ചൈന സ്ഥാപിച്ച ഒരു ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരു രാജ്യങ്ങളുടേയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത് എന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15ന് ഇന്ത്യൻ ആർമിയുടെ ഒരു ചെറിയ പട്രോളിംഗ് സംഘം ഗാൽവാൻ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാൻ പോയി. ജൂൺ ആറിന് ഇരു സൈന്യങ്ങളിലേയും ലെഫ്.ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ടെന്റ് നീക്കം ചെയ്യാൻ ചൈനീസ് സൈന്യം സമ്മതിച്ചിരുന്നു. എന്നാൽ ഇത് നീക്കം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സൈനികർ ടെന്റ് നീക്കാനായി പോയത്.

ഇന്ത്യൻ കേണൽ ബി എൽ സന്തോഷ് ബാബുവിനെ ചൈനീസ് സൈനികർ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് ഇരു ഭാഗത്തേയും പട്ടാളക്കാർ ആക്രമിച്ചു. പല സൈനികരും ഗാൽവാൻ നദിയിൽ വീണു. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ ഏറ്റുമുട്ടൽ ആറ് മണിക്കൂറിലധികം, അതായത് രാത്രി വരെ നീണ്ടു. വെടിവയ്പുണ്ടായില്ല എന്ന് ഇന്ത്യൻ ആർമി പറഞ്ഞിരുന്നു. കടുത്ത ശൈത്യവും ഹൈപ്പോതെർമിയയും സൈനികരുടെ നില വഷളാക്കി. 17 ഇന്ത്യൻ സൈനികർ മരിച്ചത് ഈ പ്രതികൂല കാലാവസ്ഥയിലും ഏറ്റുമുട്ടലിലേറ്റ പരിക്ക് കൊണ്ടുമാണ്. ഏതായാലും ഈ സംഭവത്തോടെ ചൈനീസ് സൈനികരോടുള്ള സമീപനത്തിൽ പ്രോട്ടോകോളിലും ചട്ടങ്ങളിലും മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചിക്കുകയാണ് ഇന്ത്യൻ ആർമി. വെടി വയ്ക്കരുത് എന്നാണ് നിലവിൽ ഇന്ത്യൻ സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ പുനർവിചിന്തനമുണ്ടായേക്കാം എന്ന സൂചനയുണ്ട്. ഉന്നതതല ചർച്ചയ്ക്ക് ശേഷമേ പ്രോട്ടോകോൾ മാറ്റങ്ങളിൽ അന്തിമതീരുമാനമുണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here