സംവിധായകനും നടനുമായ മധുപാലിന്റെ പരാതി പരിഹരിച്ച് നൽകി കെഎസ്ഇബി. വൈദ്യുതി ബില്ലിലെ വലിയ തുകയെ സംബന്ധിച്ച പരാതി മധുപാൽ ഉന്നയിച്ചത് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള പങ്കെടുത്ത വാർത്ത ചർച്ചയിലായിരുന്നു. പിന്നീട് കെഎസ്ഇബി അന്വേഷിച്ച് പ്രശ്‌നം പരിഹരിച്ചു. മധുപാലും ഇക്കാര്യം സംബന്ധിച്ച് ഒരു സ്വകാര്യ മാധ്യമത്തോട് സ്ഥിരീകരണം നടത്തി.

ADVERTISEMENT

കെഎസ്ഇബി പ്രസിദ്ധീകരിച്ച കുറിപ്പ് വായിക്കാം,

കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പങ്കെടുത്ത വാർത്താ ചർച്ചയിൽ തന്റെ വൈദ്യുതി ബിൽ സംബന്ധിച്ച് പരാതിപ്പെട്ട പ്രശസ്ത നടൻ ശ്രീ. മധുപാലിന്റെ പരാതി പരിഹരിച്ചു നല്കുകയുണ്ടായി. മധുപാലിന്റെ ബില്ലിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാം!

  1. 04/04/20 ന് ലോക്ക് ഡൗണിനെ തുടർന്ന് ഫെബ്രുവരി, മാർച്ച് മാസത്തെ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം അദ്ദേഹത്തിന്റെ തൊട്ടുമുമ്പുള്ള മൂന്ന് ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.
  1. തുടർന്ന് 04/06/20 നാണ് ഏപ്രിൽ, മെയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കാൻ ചെന്നെങ്കിലും ഗേറ്റ് അടഞ്ഞ് കിടന്നതിനാൽ റീഡിംഗ് എടുക്കാൻ സാധിച്ചില്ല. തുടർന്ന് സപ്ലെകോഡ് 2014 റെഗുലേഷൻ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.
  2. തൊട്ടുമുൻപുള്ള രണ്ട് ബില്ലുകളും ചേർന്ന തുകയായ 5714 രൂപ ബില്ലായി ലഭിച്ച മധുപാൽ കെഎസ്ഇബി ചെയർമാൻ പങ്കെടുത്ത 14/06/20ന്റെ ചർച്ചയിൽ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.
  3. 15/06/20 ന് ചെയർമാന്റെ നിർദേശ പ്രകാരം സെക്ഷൻ ഓഫീസിലെ ജീവനക്കാർ മധുപാലിന്റെ വീട്ടിൽ ചെല്ലുകയും, (ഈ സമയത്ത് വീടിന്റെ അറ്റകുറ്റപണി നടന്നിരുന്നതിനാൽ ) ഗേറ്റിനകത്ത് കയറാൻ സാധിക്കുകയും തുടർന്ന് യഥാർത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.
  4. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

മറ്റൊരു ചോദ്യം ഇതാണ്. സാധാരണ ഉപഭോക്താക്കൾക്ക് ഇതെല്ലാം സാധിക്കുമോ? മധുപാലിന് കെഎസ്ഇബി ചെയർമാനോട് പരാതിപ്പെടാൻ കഴിഞ്ഞതു കൊണ്ടല്ലേ ബില്ല് കുറച്ച് കിട്ടിയത്?

തീർച്ചയായും സാധിക്കും. ഡോർ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാൾ കുറവാണ് ഉപഭോഗമെങ്കിൽ സെക്ഷൻ ഓഫീസിൽ അറിയിച്ച് യഥാർത്ഥ റീഡിംഗ് എടുത്ത് ബില്ല് ചെയ്യാൻ ആവശ്യപ്പെടാൻ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്. ആൾത്താമസമില്ലാത്ത വീട്ടിൽ/ കടയിൽ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുത്തു കൊടുത്താൽ / റീഡിംഗ് എടുക്കാൻ അവസരം ലഭിച്ചാൽ യഥാർത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്. ഇത് സ്‌പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാൽ നൂറ്റാണ്ടായി കെഎസ്ഇബി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here