‘തകര്‍ന്നുപോയി, പക്ഷേ മകന് രാജ്യത്തിന് വേണ്ടി ജീവന് നല്‍കിയതില്‍ അഭിമാനം’; കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ..

“എനിക്ക് എന്റെ മകനെ നഷ്ടമായി. താങ്ങാനാവുന്നതല്ല അത്. പക്ഷേ അവന് ജീവന് ബലിയര്‍പ്പിച്ചത് മാതൃരാജ്യത്തിന് വേണ്ടിയാണ്. അതില്‍ അഭിമാനമുണ്ട്”- ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള പറഞ്ഞു. അച്ഛന് ഉപേന്ദറും സമാനമായ പ്രതികരണമാണ് നടത്തിയത്- “ഒരു മാസത്തിനുള്ളില്‍ വീട്ടിലെത്തുമെന്ന് പറഞ്ഞതാണ് അവന്. നേരത്തെ തന്നെ ഹൈദരാബാദിലേക്ക് ട്രാന്സഫറായതായിരുന്നു. ലോക്ക്ഡൌണ്‍ കാരണം യാത്ര വൈകി. അവനെ ഞങ്ങള്‍ക്ക് നഷ്ടമായി. മരിച്ചുപോകാന്‍ മാത്രം പ്രായമായിട്ടില്ല അവന്. ശത്രുക്കളോട് പൊരുതിയാണ് അവന് ജീവന് വെടിഞ്ഞത് എന്നതില്‍ അഭിമാനമുണ്ട്”.

‘തകര്‍ന്നുപോയി, പക്ഷേ മകന് രാജ്യത്തിന് വേണ്ടി ജീവന് നല്‍കിയതില്‍ അഭിമാനം’: കേണല്‍ സന്തോഷ് ബാബുവിന്റെ അമ്മ
കോരുകൊണ്ട സൈനിക സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു സന്തോഷ് കുമാര്‍. പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെയും പരിശീലനത്തിന് ശേഷം 2004ലാണ് സന്തോഷ് കുമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യം നിയമിക്കപ്പെട്ടത് കശ്മീരിലാണ്. ഒരു വര്‍ഷം മുന്‍പാണ് ചൈന അതിര്‍ത്തിയില്‍ നിയമിക്കപ്പെട്ടത്.
“37ആം വയസ്സില്‍ അവന് കേണലായത് കഴിവുറ്റ സൈനികനായതുകൊണ്ടാണ്. സാധാരണ ഈ പോസ്റ്റിലെത്താന്‍ കുറേക്കൂടി സമയമെടുക്കും. പക്ഷേ വളരെ നേരത്തെ തന്നെ 2019ല്‍ അവന് കേണലായി. 2007ല്‍ ഇന്തോ – പാക് ബോര്ഡറില് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ അവന് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശ്, ലഡാക്ക്, പാക്- ചൈന അതിര്‍ത്തികളില്‍ അവന് പ്രവര്‍ത്തിച്ചു”- മാതാപിതാക്കള്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് മാതാപിതാക്കള്‍ മകനോട് അവസാനം സംസാരിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് അപ്പോള്‍ പറഞ്ഞിരുന്നു. സന്തോഷിന് ഭാര്യയും ഒന്‍പതും നാലും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
