ചൈനീസ് പ്രകോപനവും ഏറ്റുമുട്ടലും; സംഘര്‍ഷത്തിലേക്കുള്ള നാള്‍വഴികൾ

ന്യൂഡല്‍ഹി/ ഗുരുവായൂർ: ഏറെ നാളായി ചൈനീസ് പട്ടാളം പ്രകോപനം സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് ഗാല്‍വന്‍ താഴ്‌വര. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്നത്.

ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് നയിച്ച സംഘര്‍ഷത്തിന്റെ നാള്‍വഴികളും മറ്റു സംഭവങ്ങളും ഇങ്ങനെ

 1. മെയ് മാസത്തിലാണ് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റ ശ്രമങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനായി ജൂണ്‍ 6ന് ഇരുരാജ്യങ്ങളുടേയും ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
 2. ചര്‍ച്ചകള്‍ക്ക് പിന്നാലെ സ്ഥിതിഗതികള്‍ ഏറെക്കുറേ ശാന്തമായെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചൈന വീണ്ടും മേഖലയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ടെന്റുകള്‍ സ്ഥാപിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.
 3. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന വീണ്ടും സൈനിക വിന്യാസം ശക്തിപ്പെടുത്തി. ജൂണ്‍ 14ന് മേഖലയില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
 4. ജൂണ്‍ 15ന് വൈകുന്നേരത്തോടെ ഗാല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായി. ഗാല്‍വന്‍ നദിക്കരക്കു സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലേയും സൈനികര്‍ നദിയിലേക്ക് വീണതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
 5. ചൈനീസ് പട്ടാളം പിന്തിരിയാന്‍ തയ്യാറാകാതെ വന്നതോടെ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ നിരായുധരായ പട്രോളിംഗ് സംഘം ചര്‍ച്ചക്ക് ശ്രമിച്ചു. എന്നാല്‍ വീണ്ടും ചൈന ആക്രമണത്തിന് മുതിരുകയാണുണ്ടായത്. പാറക്കഷണങ്ങളും മുള്ളുകമ്പികളും ഉപയോഗിച്ച് ചൈന ഇന്ത്യന്‍ സൈനികരെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കി.
 6. ചൈനയുടെ ആക്രമണത്തില്‍ കേണലിനും ഒരു ഹവില്‍ദാറിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചില സൈനികര്‍ ചൈനയുടെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു
 7. ഏകദേശം 40 മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം വീണ്ടും മേഖലയില്‍ പരിശോധന നടത്തി. ഇതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തി.
 8. പ്രകോപനം തുടര്‍ന്നതോടെ ചൈനീസ് പോസ്റ്റ് തകര്‍ത്ത് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 55-56 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര പേര്‍ക്ക് പരിക്ക് പറ്റിയെന്ന കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. അവസാനം ബ്രിഗേഡിയര്‍ റാങ്കിലുള്ള ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ വെള്ളക്കൊടി വീശിയതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 9. എന്നാല്‍, കയ്യാങ്കളിയും കല്ലേറും രാത്രി വൈകിയും തുടര്‍ന്നു. ഇരു ഭാഗത്തേയും നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.
 10. മൂന്ന് മണിക്കൂറോളം സംഘര്‍ഷം തുടര്‍ന്നു.
 11. അര്‍ദ്ധ രാത്രിയോടെ സംഘര്‍ഷം അവസാനിച്ചു. നദിയില്‍ നിന്നും ഇരു രാജ്യങ്ങളുടേയും ചില സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതോടെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് പോസ്റ്റുകളുടെ ചുമതലയും സൈന്യം ഏറ്റെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here