ലഡാക്കിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച (ജൂൺ 19) സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വീഡിയോകോൺഫറൻസിംഗ് വഴിയാണ് യോഗമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.
ലഡാക്കിൽ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സൈനികരെ കൊല്ലാനും ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നുകയറാനും ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടി എന്ന് ചോദിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി ഒന്നും പറയാതെ ഒളിച്ചിരിക്കുന്നതെന്ത് എന്ന് ചോദിച്ചിരുന്നു. ലഡാക്കിൽ എന്താണ് സംഭവിച്ചത് എന്ന് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് ഏറ്റുമുട്ടൽ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ പ്രസ്താവന മാത്രമാണ് വന്നത്.