ലഡാക്കിലെ ഗാല്‍വന്‍ താഴ്‌രവരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാകരവും അസ്വസ്ഥതാജനകവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായുള്ള സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തിയ സാഹചര്യത്തില്‍ ആദ്യമായാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രതിരോധ മന്ത്രി സൈനികരുടെ മരണത്തെക്കുറിച്ച് പറഞ്ഞത്. “ഇന്ത്യന്‍ ആര്‍മി പിന്തുടരുന്ന ഉന്നതമായ പാരമ്പര്യം മുറുകെപ്പിടിച്ചു കൊണ്ട് നമ്മുടെ സൈനികര്‍ അങ്ങേയറ്റം ധൈര്യവും ശൗര്യവുമാണ് സേവനത്തിനിടയില്‍ പ്രകടിപ്പിച്ചത്”, രാജ്‌നാഥ് സിംഗ് പറഞ്ഞു.

“അവരുടെ പോരാട്ടവും ജീവത്യാഗവും ഒരിക്കലും രാജ്യം മറക്കില്ല. ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബാംഗങ്ങളെ ഞാന്‍ ഓര്‍മിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് രാജ്യം അവര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കും. ഇന്ത്യയുടെ വീരപുത്രന്മാരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു”, രാജ്‌നാഥ് സിംഗ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ചൈനീസ് ഭാഗത്തും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ചൈന പുറത്തു വിട്ടിട്ടില്ല.

സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വസജ്ജരായിക്കാന്‍ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ സ്ഥിതിഗതികള്‍ വീക്ഷിക്കുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം, എന്താണ് ഗാല്‍വന്‍ താഴ്‌വരയില്‍ നടന്നതെന്ന് വ്യക്തമാക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദി എന്തു കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും എന്തുകൊണ്ടാണ് ഒളിച്ചിരിക്കുന്നതെന്നും ചോദിച്ച രാഹുല്‍ ഗാന്ധി, ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താനും ഇന്ത്യന്‍ ഭൂമി കൈയടക്കാനും എങ്ങനെ ധൈര്യം വന്നുവെന്നും ചോദിച്ചിരുന്നു.

അതേ സമയം, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയല്ലാതെ എന്താണ് നിലവിലെ സ്ഥിതിഗതികള്‍ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോഴും പ്രതികരിച്ചിട്ടില്ല. ലഡാക്ക് മേഖലയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍ മാറ്റാന്‍ ചൈന നടത്തുന്ന ശ്രമമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here