ഇന്ത്യ യുദ്ധവിമാനങ്ങളും കപ്പലുകളും തയ്യാറാക്കി, ഇന്തോ-പസിഫിക് മേഖലയിൽ എവിടെവച്ചും ചൈനയെ നേരിടാൻ നേവിക്ക് നിർദ്ദേശം

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിലും ആക്രമണത്തിലും 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ യുദ്ധസമാനമായ സാഹചര്യത്തിന് ഒരുങ്ങാൻ കര, വ്യോമ, നാവിക സേനകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. യുദ്ധവിമാനങ്ങളും കപ്പലുകളും സേനകൾ തയ്യാറാക്കി നിർത്തിയിട്ടുള്ളതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്തോ-പസിഫിക്ക് മേഖലയിലടക്കം എവിടെ വച്ചും ചൈനീസ് ആക്രമണത്തെ നേരിടാൻ ഒരുങ്ങിക്കോളാൻ നേവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മലാക്ക കടലിടുക്കിൽ കപ്പലുകളെ വിന്യസിക്കാൻ അനുമതി നൽകി. യുദ്ധവിമാനങ്ങൾ ഫോർവേഡ് ബേസുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അടിയന്തരമായി ആവശ്യമുള്ള സാമഗ്രികൾ നൽകാൻ നിർദ്ദേശം നൽകി.

മൂന്ന് സേനകളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയക്ത സേനാമേധാവി) ആയ ജനറൽ ബിപിൻ റാവത്തിന് നിർദ്ദേശം നൽകി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും സേനാ മേധാവികളുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. ഇരു ഭാഗത്തും മരണമുണ്ടായതായും 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറയുന്നു. ചൈനയുമായി ഒരു ഭാഗത്ത് ഉന്നതതല ചർച്ചയ്ക്ക് തയ്യാറായാലും എല്ലാ സാഹചര്യങ്ങളും നേരിടാൻ ഒരുങ്ങുക എന്ന സന്ദേശമാണ് സേനകൾക്ക് സർക്കാർ നൽകിയിരിക്കുന്നത്.

കോർപ്സ് കമാൻഡർതല ചർച്ച ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാൽവാൻ താഴ് വര സംബന്ധിച്ച് ധാരണയിലെത്തിയ ശേഷം മാത്രമേ ഈ ചർച്ച നടക്കൂ എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഗാൽവാൻ താഴ് വരയിലെ ഇന്ത്യൻ പട്രോളിംഗ് പോയിന്റുകളിൽ (പിപി) ചൈന നിർമ്മിച്ച ടെന്റുകളും മറ്റ് താൽക്കാലിക നിർമ്മിതികളും നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്കൽ കമാൻഡർ തലത്തിലുള്ള ചർച്ചയ്ക്ക് പിന്നാലെ അൽപ്പം പിന്നോട്ടുനീങ്ങാൻ ചൈന തയ്യാറായെങ്കിലും നിർമ്മിതികൾ നീക്കാൻ തയ്യാറായില്ല. അതേസമയം പിപി 17ൽ ഇന്ത്യയുടെ നിർമ്മിതികളോട് എതിർപ്പുയർത്തുന്നു.

കോർപ്സ് കമാൻഡർ തലത്തിൽ ചർച്ച വേണമെന്ന് ജൂൺ 16നാണ് ചൈനീസ് പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) ആവശ്യപ്പെട്ടത്. പിപി 14നിലെ രണ്ട് താൽക്കാലിക നിർമ്മിതികൾ സംബന്ധിച്ചാണ് പ്രധാനമായും ഇന്ത്യ എതിർപ്പുയർത്തുന്നത്. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നുകയറി ടെന്റുകളും നിർമ്മിതികളും സ്ഥാപിക്കുക. പിന്നീട് ചർച്ചയുടെ ഭാഗമായി പിന്മാറുക, എന്നാൽ ടെന്റുകളും നിർമ്മിതികളും നീക്കാതിരിക്കുക – ഇതാണ് കുറച്ചുകാലമായി ചൈനീസ് സൈന്യത്തിന്റെ തന്ത്രമെന്ന് ഇന്ത്യൻ സൈന്യം പറയുന്നു. ഗാൽവാൻ താഴ് വരയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാതെയാണ് പാങ്ഗോങ് സോ തടാകത്തിന് സമീപത്തുള്ള പ്രദേശവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലേയ്ക്ക് കടക്കാൻ ചൈന ശ്രമിക്കുന്നത്. ഗാൽവാൻ തർക്കം തീർത്തിട്ട് മതി, പാങ് ഗോങ്ങിലേയ്ക്ക് കടക്കാൻ എന്ന നിലപാടിലാണ് ഇന്ത്യ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here