3 മാസമായി ജോലിയില്ല, എത്രയും വേഗം നാട്ടിലെത്താന്‍ സഹായിക്കണം; ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായവും കാത്ത് മലയാളി കുടുംബം

അബുദാബി: ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായവും കാത്ത് മലയാളി കുടുംബം. തൃശൂർ പന്നിത്തടം സ്വദേശി ചുങ്കത്ത് ലാൽമോൻ ചാർളിയും കുടുംബവുമാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടി കാത്തിരിക്കുന്നത്. 3 മാസമായി ജോലിയില്ലാതെ, താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ പ്രയാസപ്പെട്ടു കഴിയുകയാണെന്നും എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

കോൺസുലേറ്റിൽ റജിസ്റ്റർ ചെയ്തും മെയിൽ അയച്ചും മാസങ്ങളായി കാത്തിരിക്കുകയാണെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്നും പറയുന്നു. പുതിയൊരു കമ്പനിയിൽ മെച്ചപ്പെട്ട ജോലി ലഭിച്ച് ലാൽ നാട്ടിൽ പോയി തിരിച്ചെത്തിയത് ജനുവരി 30നാണ്. ഒന്നര മാസം ജോലി ചെയ്തപ്പോഴേക്കും കോവിഡിന്റെ വരവോടെ ജോലി നഷ്ടപ്പെട്ടു.

വീസ സ്റ്റാംപ് ചെയ്യുന്നതിനു മുൻപുതന്നെ മാർച്ച് 24ന് എൻട്രി പെർമിറ്റ് റദ്ദാക്കുകയായിരുന്നു. ലോക് ഡൗണായതോടെ ഒരിടത്തും ജോലി ലഭിച്ചില്ല. ഭാര്യ ജിനി ജോർജിന്റെ പ്രസവത്തിനു നാട്ടിലേക്കു പോകാനായി ടിക്കറ്റ് എടുത്തു വച്ചിരുന്നെങ്കിലും വിമാന സർവീസ് റദ്ദായതോടെ ശരിക്കും കുടുങ്ങി.

ഒടുവിൽ ശസ്ത്രക്രിയയിലൂടെ മേയ് 3ന് ദുബായിൽ തന്നെ പ്രസവം നടന്നു. സ്വരൂക്കൂട്ടിവച്ചതും കടംവാങ്ങിയതുമെല്ലാമായി ആശുപത്രി ബില് അടച്ച് വീട്ടിലെത്തി. പ്രസവത്തിനു നാട്ടിലേക്കു പോകാനിരുന്നതിനാൽ വിവാഹ സർട്ടിഫിക്കറ്റും അറ്റസ്റ്റ് ചെയ്തിരുന്നില്ല. അതിനാൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കാനായില്ല.

അറ്റസ്റ്റ് ചെയ്യാനായി വിവിധ ഏ‍ജൻസികളെ സമീപിച്ചെങ്കിലും ലോക്ഡൗൺ മൂലം ഡൽഹിയിൽ അറ്റസ്റ്റേഷൻ സൗകര്യം ഇല്ലെന്നു പറഞ്ഞ് അവരും പിന്മാറി. ഒരുമാസം പ്രായമായ മകൾ ലേയക്കു പാസ്പോർട്ടിനായി ബിഎൽഎസിനെ സമീപിച്ചെങ്കിലും കോൺസുലേറ്റിൽനിന്ന് കത്തുവാങ്ങിക്കൊണ്ടുവന്നാൽ പരിഗണിക്കാമെന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായതിനാൽ ഭാര്യയ്ക്കും ജോലിക്കു പോകാൻ സാധിക്കുന്നില്ല. വാടക കൊടുക്കാനില്ലാത്തതിനാൽ കൈക്കുഞ്ഞുമായി ദുബായ് അൽനഹ്ദയിലെ താമസ സ്ഥലത്തുനിന്ന് ഏതു സമയവും ഇറങ്ങേണ്ട അവസ്ഥയുമുണ്ട്. ലാലിന്റെ വീസ റദ്ദാക്കിയിട്ട് 3 മാസം കഴിഞ്ഞു. അതിന്റെ ഭീമമായ പിഴയും ഉണ്ടാകുമോ എന്ന പ്രയാസവും ഈ കുടുംബത്തെ അലട്ടുന്നു. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയാണെന്നും കുട്ടിക്ക് ഔട്ട്പാസ് എങ്കിലും തരപ്പെടുത്തി എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here