യു എ ഇയും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

കേരളത്തിലേക്ക് പോകാൻ ചാർട്ടേഡ് വിമാനങ്ങളിൽ യു എ ഇയും കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കുന്നു. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കോൺസുൽ ജനറൽ വിപുൽ ‘മീഡിയവണി’നോട് പറഞ്ഞു. സൗദിയും, ഒമാനും നേരത്തേ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ പറക്കുന്നത് യു എ ഇയിൽ നിന്നാണ് എന്നതിനാൽ തീരുമാനം നൂറുകണക്കിന് പ്രവാസികളുടെ മടക്കയാത്ര അവതാളത്തിലാക്കും. ഈമാസം തന്നെ നൂറിലധികം ചാർട്ടർ വിമാനങ്ങളാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയിൽ യാത്ര ചെയ്യേണ്ടവരെല്ലാം കോവിഡ് പരിശോധനക്ക് വിധേയമായി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടഫിക്കറ്റ് കരസ്ഥമാക്കേണ്ടി വരും. ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന കേരള സർക്കാറിന്റെ തീരുമാനത്തെ തുടർന്നാണ് ഗൾഫിലെ ഇന്ത്യൻ എംബസികൾ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്. കോവിഡ് പരിശോധനക്ക് എംബസികൾ സൗകര്യമൊരുക്കണം എന്ന് ആവശ്യപ്പെട്ടും കേരളം എംബസികൾക്ക് കത്തയച്ചിരുന്നു. കേരളത്തിലേക്ക് പറക്കുന്ന വിമാനങ്ങൾക്ക് മാത്രമാണ് ഈ നിബന്ധന ബാധകമാവുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾക്കും വന്ദേഭാരത് വിമാനങ്ങൾക്കും ഈ നിബന്ധനയില്ല എന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *