തിരുവന്തപുരം: തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂർ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ആശ വർക്കറിന് രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുകയാണ്.

തിരുവനന്തപുരത്ത് മൂന്നാമത്തെ കൊവിഡ് മരണമാണ് ജൂണ്‍ 12 ന് റിപ്പോര്‍ട്ട് ചെയ്തത്. പോത്തകോട് സ്വദേശിയായ അബ്ദുൽ അസീസ്, വൈദികൻ കെജി വർഗ്ഗീസ്, വഞ്ചിയൂർ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് പേർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഞ്ചിയൂർ സ്വദേശിയായ രമേശ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് നിരീക്ഷണത്തിൽ പോകാനാണ് ആരോഗ്യവകുപ്പ് നിലവിൽ നി‍ർദ്ദേശിച്ചിട്ടുള്ളത്. ഗുരുതര ശ്വാസകോശ രോഗവുമായി ഇദ്ദേഹം 23 മുതൽ 28 വരെ ചികിത്സയിൽ കഴിഞ്ഞ ജനറൽ ആശുപത്രിയിൽ, ഈ സമയം എത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അസുഖം മൂർച്ഛിച്ച് 10 ആം തീയതി മുതൽ 11 വരെ ഇദ്ദേഹം മെഡിക്കൽ കോളേജിലെ ക്യാഷ്വാലിറ്റി വാർഡിലായിരുന്നു. ഇവിടെയുണ്ടായിരുന്നവരെയും കണ്ടെത്തണം. കട്ടാക്കട പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച ആശ വർക്കർക്ക് വൈറസ് പിടിപ്പെട്ടത് എവിടെ നിന്നാണെന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവരുടെ റൂട്ട് മാപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആശവർക്കറുമായി സമ്പർക്കത്തിലേർപ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും തയ്യാറായിട്ടുണ്ട്. പതിനാറ് മുതൽ 21 വരെയുള്ള വാർഡുകളാണ് കട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോണുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here