ഈ കഴിഞ്ഞ ജൂണ്‍ ഒന്‍പതാം തിയതിയാണ് അസമിലെ ഭാഗ്ഗജന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനയിലെ എണ്ണക്കിണറില്‍ വലിയ പൊട്ടിത്തെറിയോടു കൂടിയ തീപിടുത്തമുണ്ടാകുന്നത്. രണ്ടാഴ്ച മുന്‍പ് അതായത് കഴിഞ്ഞ മെയ് ഇരുപത്തിയേഴാം തിയതി മുതല്‍ തന്നെ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിന്റെ ഫലമായി പ്രകൃതിവാതകം ചോര്‍ന്നു തുടങ്ങിയിരുന്നു. മെയ് അവസാനമുണ്ടായ വാതക ചോര്‍ച്ചയും തുടര്‍ന്ന് ഉണ്ടായ തീപിടുത്തവും പരിസ്ഥിതി ലോല പ്രദേശമായ മാഗുരി – മോട്വാപുങ് കോള്‍ നിലങ്ങളെ കൂടുതല്‍ അപകടത്തിലാക്കിയിരിക്കുകയാണ്. അസമിലെ മറ്റൊരു സംരക്ഷിത വനപ്രദേശമായ ദിഭ്രൂ സൈഖോവ ദേശീയോദ്യാനം ഈ എണ്ണഖനന കേന്ദ്രത്തിന്റെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഖനന സ്ഥലത്തുണ്ടായ അപകടത്തില്‍ നിന്നുയര്‍ന്ന തീനാളങ്ങള്‍ ചുറ്റുമുള്ള പാടങ്ങളിലേക്കും വീടുകളിലേക്കും പടരുന്നതിന്റെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

പ്രാഥമിക കണക്കുകള്‍ പ്രകാരം എണ്ണ കമ്പനിക്കു സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്നും ഏകദേശം മൂവായിരത്തോളം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നത്. പരിസര പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ അധികൃതര്‍ ഒരുക്കിയ ക്യാമ്പുകളിലേക്കാണ് ഗ്രാമവാസികളെ കൂട്ടത്തോടെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

മെയ് 27-ാം തീയതിയിലെ വാതക ചോര്‍ച്ചയ്ക്ക് ശേഷം തന്നെ ജനങ്ങളെ പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിക്കുവാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ നടപടികള്‍ പതിവുപോലെ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഗ്രാമവാസികളാകട്ടെ തങ്ങളുടെ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ചു പോകുവാന്‍ താല്പര്യപ്പെട്ടതുമില്ല. എന്നാല്‍ എണ്ണക്കിണറിലേക്ക് തീ പടര്‍ന്നതോടു കൂടി ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാതിരിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായില്ല. അപകടം നടന്ന ഭാഗജ്ജന്‍ എണ്ണ കമ്പനിയുടെ സമീപത്താണ് ഈ ലേഖകന്‍ താമസിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി അപകടം നടന്ന ഇടം സ്ഥിരമായി സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്താറുമുണ്ട്.

മെയ് 27-ാം തിയ്യതിയുണ്ടായ വാതക ചോര്‍ച്ചയ്യ്ക്കു പിന്നാലെ ഭാഗജ്ജന്‍ നിവാസികള്‍ എണ്ണ ഖനനം നടത്തുന്ന കമ്പനിക്കെതിരെ പ്രതിഷേധിച്ചു വരികയാണ്. എന്നാല്‍ മാധ്യമങ്ങളുടെയോ മറ്റു രാഷ്ട്രീയ കക്ഷികളുടെയോ യാതൊരു പിന്തുണയും ഇവര്‍ക്കു ലഭിച്ചിരുന്നില്ല. എണ്ണക്കിണറിനു തീപിടിച്ചു സ്‌ഫോടനം ഉണ്ടായപ്പോഴു മാത്രമാണ് ചാനലുകള്‍ തങ്ങളുടെ റിപോര്‍ട്ടര്‍മാരെ ഈ പ്രദേശത്തേക്കയച്ചത്.
എണ്ണക്കിണറില്‍ നിന്നും ആളിക്കൊണ്ടിരിക്കുന്ന തീയും കടുത്ത ചൂടും പ്രദേശവാസികളുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ്. കൃഷിയും മത്സ്യബന്ധനവുമാണ് പ്രദേശവാസികളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. എണ്ണക്കിണറിലുണ്ടായ സ്‌ഫോടനവും തുടര്‍ന്നുണ്ടായ മലിനീകരണവും ഈ രണ്ടു ജോലി ചെയ്യുന്നവരുടെയും ദൈനംദിന ജീവിതത്തെ ബാധിച്ചിരിക്കുന്നു.

“ഞങ്ങള്‍ പ്രധാനമായും കര്‍ഷകരാണ്. ലോക്ക് ഡൌണ്‍ ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയായിരുന്നു. ഈ സ്‌ഫോടനം കൂടിയായപ്പോള്‍ ഞങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമായി. മീന്‍പിടിച്ചു ജീവിക്കുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. എണ്ണക്കിണറിലുണ്ടായ പൊട്ടിത്തെറി ജലാശയങ്ങളെ മുഴുവന്‍ മലിനപ്പെടുത്തിയിരിക്കുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ മാഗ്രി മോട്പവോങ് തടാകത്തിന്റെ മേല്‍ത്തട്ടിലാകെ കൊഴുത്ത കറുത്ത പോലുള്ള പദാര്‍ത്ഥം വന്നു മൂടിക്കിടക്കുന്നതായി കാണാം. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന നരന്ത ഖോഹൈന്റെ അഭിപ്രായപ്രകാരം ‘കണ്ടന്‍സൈറ് ‘ എന്ന് വിളിക്കപ്പെടുന്ന സാന്ദ്രത കുറഞ്ഞ എണ്ണയാണ് തടാകത്തില്‍ പടര്‍ന്നിരിക്കുന്നത്. പ്രകൃതിവാതക ഖനനത്തിന്റെ ഉപോല്പന്നമായ ഈ ദ്രാവകം പെട്ടെന്ന് തീപിടിക്കാവുന്നതും, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമുള്‍പ്പെടെ അപകടകരവുമാണ്.

അപകടത്തിന് ശേഷം ഉണ്ടായ ഈ കണ്ടന്‍സൈറ് ചോര്‍ച്ച പരിസ്ഥിതി ലോല പ്രദേശങ്ങളായ ദിബ്രു സൈഖോവാ പ്രദേശത്തു ഉണ്ടാക്കാന്‍ പോകുന്ന പ്രത്യഘാതങ്ങളെന്തൊക്കെയെന്നു കാത്തിരുന്നു തന്നെ കാണണം. കത്തിക്കൊണ്ടിരിക്കുന്ന എണ്ണക്കിണക്കിണറിനു രണ്ടു കിലോമീറ്റര് ദൂരത്താണ് നാഥുന്‍ ഗാവോണ്‍ പാലം, എന്നാല്‍ പാലം കടന്നു യാത്ര ചെയ്യാന്‍ അധികാരികള്‍ ആരെയും അനുവദിക്കുന്നില്ല അതിനാല്‍ തന്നെ അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നുള്ളത് കണ്ടെത്തുക ദുഷ്‌കരമാണ്.
തീപിടുത്തത്തില്‍ കരിഞ്ഞുകിടക്കുന്ന കൃഷിയിടങ്ങളാണ് പ്രദേശത്തു ചെന്നാല്‍ കാണുന്ന ആദ്യ കാഴ്ച. കണ്ടന്‍സൈറ് കലര്‍ന്ന പുല്ലും ഇലകളും തിന്നു നടക്കുന്ന അനേകം കന്നുകാലികളെയും വഴിയില്‍ കാണാനായി. കത്തിക്കരിഞ്ഞതും ആളുകള്‍ ഉപേക്ഷിച്ചതുമായ വീടുകളും കടകളും ചേര്‍ന്ന് ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് ഭാഗജ്ജനില്‍.”

സര്‍ക്കാര്‍ നിര്‍മ്മിച്ച താത്കാലിക ക്യാമ്പുകളില്‍ നിന്നും ദുരന്തം വിഴുങ്ങിയ തങ്ങളുടെ ഗ്രാമം കാണാന്‍ വന്നു ഒരുകൂട്ടം ജനങ്ങളെ ഞാന്‍ കണ്ടു, തന്റെ പിഞ്ചു കുഞ്ഞിനേയും ഒക്കത്തെടുത്ത കരിഞ്ഞു കിടന്നിരുന്ന സ്വന്തം കൃഷിയിടത്തിലേക്ക് നോക്കിക്കൊണ്ട് അവരിലൊരാള്‍ പറഞ്ഞു.

“ഇങ്ങനെ ഒരു സംഭവം നടക്കുമെന്നു ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംഭവ ദിവസം ഞാന്‍ കുഞ്ഞിനേയും കളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ ഒരു പൊട്ടിത്തെറി ശബ്ദം കേള്‍ക്കുന്നത്. എല്ലാവരും ഞെട്ടിവിറച്ചു. കുഞ്ഞിനേയുമെടുത്തുകൊണ്ട് ഞാന്‍ ഓടിരക്ഷപെട്ടു. പശുക്കളെയും ആടുകളെയും പോലും രക്ഷിക്കാന്‍ ഞാന്‍ കാത്തുനിന്നില്ല. ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഒരു സ്‌കൂളിലാണ് താമസിക്കുന്നത്. എപ്പോള്‍ ഗ്രാമത്തിലേക്കു തിരിച്ച വരുമെന്ന് പറയാന്‍ കഴിയില്ല. ഞങ്ങളുടെ ഭാവി ജീവിതം അനിശ്ചിതത്വത്തിലാണ്”.

eleventhcoloumn .com പോർട്ടലിൽ വന്ന ലേഖനത്തിന്റെ പരിഭാഷ

COMMENT ON NEWS

Please enter your comment!
Please enter your name here