ദുരന്തങ്ങളുമായി പിറന്ന 2020 ല്‍ ലോകാവസാന പ്രവചനം ; ജൂണ്‍ 21 ന് അത് സംഭവിയ്ക്കും….

ന്യൂയോര്‍ക്ക്: 2020 പിറവിയെടുത്തത് തന്നെ ദുരന്തങ്ങളുമായാണ്. കോവിഡ് മഹാമാരി ചൈനയില്‍ പടര്‍ന്നു പിടിച്ച സമയം. പിന്നീട് അത് ലോകരാഷ്ട്രങ്ങളിലേയ്ക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി, അമേരിക്കയിലെ കലാപങ്ങള്‍, വെട്ടുകിളി ആക്രമണങ്ങള്‍, കൊടുങ്കാറ്റ്, അഗ്‌നി പര്‍വത സ്‌ഫോടനം ഇങ്ങനെ നീളുന്നു ദുരന്തങ്ങളുടെ കണക്ക്. ഇതിനിടെയില്‍ ഈ ദുരന്തങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് പുതിയ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. മറ്റൊന്നുമല്ല, മേല്‍പ്പറഞ്ഞവയൊക്കെ ലോകാവസാനത്തിന്റെ സിഗ്‌നലുകളാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ലോകാവസാനത്തിന്റെ തീയതിയും ഇവര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വരുന്ന ഞായറാഴ്ച; ജൂണ്‍ 21. പുരാതനമായ മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ചാണ് പുതിയ ലോകാവസാന തീയതി കണക്കാക്കപ്പെട്ടിരിക്കുന്നതത്രെ.

ട്വിറ്ററിലൂടെയാണ് പുതിയ ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുന്നത്. മായന്‍ കലണ്ടറിലെ ലോകാവസാനം ശരിയാണെന്നും എന്നാല്‍ നമ്മള്‍ കലണ്ടറിനെ വായിച്ച രീതി തെറ്റാണെന്നുമാണ് പറയുന്നത്. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്ക് മുന്നേ നിലനിന്നവയാണ് മായന്‍, ജൂലിയന്‍ തുടങ്ങിയ കലണ്ടറുകള്‍. ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്നും 13 ദിവസം പിന്നിലാണ് ജൂലിയന്‍ കലണ്ടറിലെ തീയതി. അതായത് ഇന്ന് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 15 എങ്കില്‍, ജൂലിയനില്‍ അത് ജൂണ്‍ 2 ആയിരിക്കും.

എന്നാല്‍ ഇതൊന്നുമല്ല ശരിയെന്നാണ് ഒരു ശാസ്ത്രജ്ഞന്‍ പറയുന്നത്.’ യഥാര്‍ത്ഥത്തില്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം നമ്മള്‍ ഇപ്പോള്‍ 2012ല്‍ ആണത്രെ.! ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയപ്പോള്‍ ഒരു വര്‍ഷത്തില്‍ നിന്നും നഷ്ടമായത് 11 ദിവസമാണ്. ഇപ്പോള്‍ 268 വര്‍ഷങ്ങളായി നാം ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നു. അതായത്, 1752 മുതല്‍. ഈ 258 വര്‍ഷങ്ങള്‍ക്കിടെയിലും ഓരോ വര്‍ഷവും നഷ്ടപ്പെട്ട് കൊണ്ടിരുന്ന 11 ദിവസങ്ങള്‍ കൂട്ടിയാല്‍ ആകെ 2,948 ദിവസങ്ങള്‍ വരും. ഈ 2,948 ദിവസങ്ങളെ 365 ദിവസങ്ങളുള്ള ഓരോ വര്‍ഷമായി വിഭജിച്ചാല്‍ എട്ട് വര്‍ഷങ്ങള്‍ വരും. അതായത്, നമ്മള്‍ 8 വര്‍ഷം പിന്നിലാണത്രെ ‘. പൗലോ ടഗാലോഗ്വിന്‍ എന്ന ശാസ്ത്രജ്ഞനാണ് ട്വിറ്ററിലൂടെ വിചിത്ര കണക്കുകളുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ മായന്‍ കലണ്ടര്‍ അവസാനിക്കുന്നത് ജൂണ്‍ 21നാണെന്നും അവരുടെ വിശ്വാസ പ്രകാരം അന്നാണ് ലോകാവസാനമെന്നുമാണ് ഈ കണക്കുകളൊക്കെ ഹരിച്ചും ഗുണിച്ചുമൊക്കെ പൗലോ ടഗാലോഗ്വിന്‍ പ്രവചിച്ചിരിക്കുന്നത്. ശരിക്കും 2012 ഡിസംബര്‍ 21 എന്നത് 2020 ജൂണ്‍ 21 ആണെന്നാണ് ടഗാലോഗ്വിന്‍ പറയുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here