തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് ബന്ധുക്കള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ വരുത്തി. മരണം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും മരിച്ച ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. 38 ദിവസത്തിന് ശേഷം ലഭ്യമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ മര്‍ദം ചെലുത്തിയതിന്റെ പാടുകളും നെറ്റിയിലും മാറിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയത്.

ശ്രുതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്തിക്കാട് പൊലീസ് തുടക്കത്തില്‍ തെളിവ് ശേഖരണത്തില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് കൈമാറി കേസ് നിലവില്‍ റൂറല്‍ എസ്പിക്ക് കീഴിലെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here