ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ പണം നിറഞ്ഞു കിടക്കുകയാണ്. ധാരാളം കാശുണ്ട്, പക്ഷേ എണ്ണി നോക്കാൻ പോലും കഴിയുന്നില്ല. കോവിഡ് നിയന്ത്രണം കാരണം 4 മാസമായി ഭണ്ഡാരം തുറന്നിട്ടില്ല. ക്ഷേത്രത്തിൽ 36 ഭണ്ഡാരങ്ങളുണ്ട്. എല്ലാ മാസവും ഭണ്ഡാരം തുറന്നെണ്ണുന്നത് ദേശസാൽകൃത ബാങ്കുകളുടെ ചുമതലയാണ് . ശരാശരി 4–5 കോടി രൂപയും 3 കിലോ സ്വർണവും 10 കിലോ വെള്ളിയും ലഭിക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 15ന് അവസാനമായി ഭണ്ഡാരം എണ്ണിയപ്പോൾ 3.48 കോടി രൂപയും 3.61 കിലോ സ്വർണവും 11 കിലോ വെള്ളിയുമാണ് ലഭിച്ചത്. മാർച്ച് 15ന് ഉത്സവത്തിന് ശേഷം ഭണ്ഡാരം എണ്ണാനായിരുന്നു തീരുമാനം.

ADVERTISEMENT

എന്നാൽ 14 മുതൽ കോവിഡ് നിയന്ത്രണങ്ങളായി. 21മുതൽ ദർശനം നിർത്തലാക്കി. 50മുതൽ 60 വരെ ആൾക്കാർ 12 ദിവസമെടുത്താണ് ഭണ്ഡാരങ്ങളിലെ കാണിക്ക എണ്ണാറ്. കഴിഞ്ഞ ദിവസം ക്ഷേത്രം രണ്ടാമതും തുറന്നപ്പോൾ ഭണ്ഡാരം എണ്ണാൻ 30 പേരെ അനുവദിക്കണമെന്ന് ദേവസ്വം കലക്ടറോട് അഭ്യർഥിച്ചു. 15 പേരെ അനുവദിച്ചു. കോവിഡ് വ്യാപനം വർധിച്ചതോടെ ക്ഷേത്രം വീണ്ടും കടുത്ത നിയന്ത്രണത്തിലായത് പ്രതിസന്ധിയായി. 2019 മാർച്ചിൽ 4.95 കോടി രൂപയും 2.76 കിലോ സ്വർണവും 16 കിലോ വെള്ളിയുമായിരുന്നു, ഭണ്ഡാരവരവ്. മഴക്കാലമായതോടെ നോട്ടുകൾ പൂപ്പൽ പിടിച്ച് കേടുവരുമോ എന്ന ആശങ്കയിലാണ് ദേവസ്വം.

COMMENT ON NEWS

Please enter your comment!
Please enter your name here