അബുദാബി: കൂടെ താമസിക്കുന്നവരിൽ ഒരാൾക്ക് കോവിഡ് പോസറ്റീവ് ആയാൽ അവനെ എന്ത് ചെയ്യണം ? ഗൾഫിലെ ബാച്ച്ലർ താമസയിടങ്ങളിൽ കൊറോണ വൈറസ് പോലെ തന്നെ പടർന്ന് പിടിച്ച ചോദ്യവും ആശങ്കയുമാണിത്. ഈ ചോദ്യത്തിലൂടെയും അവസ്ഥയിലൂടെയും കടന്നുപോയവരാകും പല സ്ഥലത്തെയും ബാച്ച്ലർ താമസക്കാർ. കോവിഡ് സംശയിക്കുന്നവരെയും റിസൽട്ട് നെഗറ്റീവായി തിരിച്ചുവന്നവരെയും താമസ സ്ഥലത്തേക്ക് അടുപ്പിക്കാത്ത സംഭവങ്ങളും നിരവധിയുണ്ട്. അത്തരം കഥാ സന്ദർഭം ചേർത്ത് ഹ്രസ്വസിനിമ ഒരുക്കിയിരിക്കുകയാണ് അബൂദബിയിലെ ഒരുകൂട്ടം മലയാളി ചെറുപ്പക്കാർ. ‘ബ്രദർഹുഡ്’ എന്നാണ് സിനിമയുടെ പേര്. സിനിമയിൽ വേഷമിടുന്നവരെല്ലാം അബൂദബിയിൽ ഒന്നിച്ച് താമസിക്കുന്നവരും കോവിഡ് ബാധിതരായി രോഗത്തെ തരണം ജീവിതത്തിലേക്ക് മടങ്ങിവന്നവരുമാണ് എന്നതാണ് പ്രത്യേകത.

രോഗാവസ്ഥ പിന്നിട്ട് കോവിഡ് നെഗറ്റീവ് ആയി നിരീക്ഷണത്തിൽ കഴിയുന്ന സമയത്താണ് ഇവർ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന സിനിമ തയാറക്കുന്നത്. ചാൾസ് ക്ലീറ്റസ്, രാജീവ് കെ എസ്, ജോൺജോ ആന്റണി, അഖിൽ ആനന്ദ്, അമൽ ആന്റണി, ടിനോയി പോൾ എന്നിവരാണ് അഭിനേതാക്കൾ. ടിനോയ് പോളിന്റേതാണ് രചനയും സംവിധാനവും. കാമറയും എഡിറ്റും നിർവഹിച്ചത് അഖിൽ. അമലിന്റേതാണ് പശ്ചാത്തലസംഗീതം. കഴിഞ്ഞദിവസം സംവിധായകൻ ജോണി ആന്റണിയാണ് ബ്രദർഹുഡ് യൂട്യൂബിൽ റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here