ഷാർജ : കോവിഡ് 19 ദുരിതകാലത്ത് തന്റെ കമ്പനി ജീവനക്കാരുൾപ്പെടെ, നിരവധിപേർക്ക് തുണയായി മലയാളി ബിസിനസുകാരൻ. ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് ഉടമ അമ്പലപ്പുഴ സ്വദേശി ആർ. ഹരികുമാർ ആണ് തന്റെ കമ്പനി ജീവനക്കാർക്കും വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേർക്കും ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി തുണയായത്. ജീവനക്കാരായ 120 പേരടക്കം 170 യാത്രക്കാരുമായി ജി9 427 എയർ അറേബ്യ വിമാനം യുഎഇ സമയം ഇന്ന് വൈകിട്ട് 4ന് ഷാർജയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടു.

എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് യാത്രക്കായി എത്തിയത്. ഇവർക്ക് മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസർ എന്നിവയടക്കമുള്ള പിപിഇ കിറ്റുകൾ നൽകിയെന്നും അവരവരുടെ വീടുകളിലേയ്ക്ക് എത്താനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹരികുമാർ പറഞ്ഞു. മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാർ മടങ്ങുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നൽകി. കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോൾ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരും. നാട്ടിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും ചെയ്യും. താത്പര്യമുള്ളവർക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയിൽ ജോലി ചെയ്യാവുന്നതാണ്. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് മോചിതരാകാൻ ജീവനക്കാർക്ക് ഇതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹരികുമാർ വ്യക്തമാക്കി.

എലൈറ്റ് ഗ്രൂപ്പിന് കീഴിൽ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. . ഇവരിൽ 900 പേരും മലയാളികളാണ്. മിക്കവരും 15 വർഷത്തിലേറെയായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here