ലഖ്‌നൗ : ജിമ്മില്‍ പ്രേതത്തിന്റെ വ്യായാമം, എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ സ്ഥിരീകരണവുമായി പൊലീസ് . ഗ്രീസ് അമിതമായി ഉപയോഗിച്ചതാണ് വ്യായാമം ചെയ്യുന്ന മെഷീന്‍ തനിയെ പ്രവര്‍ത്തിക്കാനുള്ള കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഭീതി പരത്തുന്ന രീതിയില്‍ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ‘യുപിയിലെ ഝാന്‍സിയിലുള്ള ഓപ്പണ്‍ ജിമ്മില്‍ പ്രേതങ്ങള്‍ വ്യായാമം ചെയ്യുന്നു’ എന്ന കുറിപ്പിനൊപ്പമാണ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ വ്യാപകമായി പ്രചരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പലരീതിയിലുള്ള ചര്‍ച്ചകള്‍ക്കും ഇതു തുടക്കമിട്ടു. ഇതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് തടയിട്ട് പൊലീസ് രംഗത്തെത്തിയത്.

ADVERTISEMENT

നന്ദന്‍പുരയിലെ കാന്‍ഷിറാം പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ വിഡിയോ. ഒരു തവണ ചലിപ്പിച്ചാല്‍ മെഷീന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അസാധാരണ സംഭവത്തെക്കുറിച്ച് അറിഞ്ഞ് പൊലീസ് പരിശോധനയ്ക്കായി അവിടെയെത്തി. അമിതമായി ഗ്രീസ് ഉപയോഗിച്ചാണ് മെഷീന്‍ ഇങ്ങനെ മാറ്റിയതെന്നു പരിശോധനയില്‍ വ്യക്തമായി. പ്രാങ്ക് ചെയ്യലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ പൊലീസ് ഇവിടെ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ആരോ ഷൂട്ട് ചെയ്ത് പ്രേതത്തിന്റെ വ്യായാമമെന്ന പേരില്‍ പ്രചരിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതായും പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയെല്ലാം നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

COMMENT ON NEWS

Please enter your comment!
Please enter your name here