ഗുരുവായൂർ ദേവസ്വം ഓഫീസ് നവീകരിക്കുന്നു..

ഗുരുവായൂർ: ദേവസ്വം ഓഫീസായ ശ്രീപദ്മം കെട്ടിടം നവീകരിക്കുന്നു. മൂന്നു കോടിയുടെ പദ്ധതി ആറുമാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. ഓരോ സെക്ഷനുകളും ഏറ്റവും നവീനരീതിയിലുള്ള കാബിനുകളാക്കി മാറ്റി ഇ-ഓഫീസാക്കും. പഴയ ഫർണിച്ചറുകളും മേശകളുമെല്ലാം ഒഴിവാക്കി എല്ലാം ഹൈടെക് ആകുകയായി. അഡ്മിനിസ്‌ട്രേറ്ററുടെയും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരുടെയും ഓഫീസുകൾ നവീകരിക്കും. ഭരണസമിതിയംഗങ്ങൾക്ക് ഇപ്പോൾ സന്ദർശനമുറിയുണ്ടെങ്കിലും പ്രത്യേകം കാബിനുകളും പണിയുന്നുണ്ട്. താഴെ കാത്തിരിപ്പുമുറിയും പദ്ധതിയിലുണ്ട്.ഗുരുവായൂർ സ്വദേശി വിനോദാണ് നിർമാണകരാർ ഏറ്റെടുത്തിട്ടുള്ളത്. ദേവസ്വത്തിന്റെ മറ്റ് സ്ഥാപനങ്ങളിലും വികസനപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വേങ്ങാട് ഗോശാലയിൽ 400 പശുക്കൾക്ക് സംരക്ഷണാലയം പണി തുടങ്ങി.

ആകെയുള്ള 1200 പശുക്കളിൽ 800 എണ്ണത്തിനുമാത്രമേ ഇപ്പോൾ മികച്ച രീതിയിലുള്ള സംരക്ഷണാലയമുള്ളൂ. മൂന്നു കോടിയുടെ പദ്ധതിയാണിത്. മൂന്നു മാസത്തിനകം തീരും. ഭരണസമിതിയംഗങ്ങളായ കെ.അജിത്, എ.വി.പ്രശാന്ത്, കെ.വി.ഷാജി എന്നിവർ കഴിഞ്ഞ ദിവസം നിർമാണപ്രവൃത്തികൾ വിലയിരുത്താൻ ഗോശാല സന്ദർശിച്ചു. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ടു നിലയിൽ പുതിയ കെ.ജി. ബ്ലോക്ക് നിർമാണം തുടങ്ങി. ഒരു കോടി രൂപയാണ് ചെലവ്.

വടക്കേ ഔട്ടർ റിങ് റോഡിൽ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിനടുത്താണിപ്പോൾ കെ.ജി.വിഭാഗം പ്രവർത്തിക്കുന്നത്. പണികൾ കഴിഞ്ഞാൽ പുതിയ ബ്ലോക്കിലേക്ക് മാറും. ശ്രീകൃഷ്ണ കോളേജിൽ രണ്ടു കോടി രൂപ ചെലവിട്ട് കെമിസ്ട്രി ബ്ലോക്കും പണിയാൻ കരാർ നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here