ഇന്ന് ലോക രക്തദാന ദിനം. രക്തദാനം ശീലവും ലക്ഷ്യവുമായി കണ്ട പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്റെ വിയോഗം ഈ രക്തദാന ദിനത്തിലെ വേദനയാകുന്നു. നിതിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കള്‍ നാട്ടിലും ദുബായിലും രക്തദാന പരിപാടികള്‍ സംഘടിപ്പിച്ചു.

രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഈ പുതിയ കാലത്ത് അധികം വാചാലമാവേണ്ടതില്ല.സ്വമേധയാ രക്ത ധാനത്തിന് തയാറാവുകയും തനിക്ക് ചുറ്റുമുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു നിതിന്‍ ചന്ദ്രന്‍. ദുബായിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും മരണത്തിലേക്ക് വഴുതി വീണ നിതിന് രക്ത ദാനത്തിന്റെ മഹത്വം വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്നു.

പിറന്നാളുകളും വിവാഹ വാര്‍ഷിക ദിനങ്ങളും എല്ലാം നിതിന് രക്തദാന ദിനങ്ങള്‍ കൂടി ആയിരുന്നു. പൂര്‍ണ പിന്തുണയുമായി ഭാര്യ ആതിരയും. അകാലത്തില്‍ തങ്ങളെ വിട്ടു പോയ നിതിന്റെ ഓര്‍മയില്‍ സുഹൃത്തുക്കള്‍ രക്ത വാഹിനി മിഷന്‍ സംഘടിപ്പിച്ചു. രക്തധാനത്തിനായി തയാറായ ആളുകളുമായി പുറപ്പെട്ട ബസ് പേരാമ്പ്രയിലെ വീടിന് മുന്നില്‍ വച്ച് നിതിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. നിതിന്റെ സ്മരണയില്‍ ദുബായിലും രക്ത ധാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നിതിന്‍ പകര്‍ന്നു തന്ന സന്ദേശം വരും രക്ത ദാന ദിനങ്ങളിലും സുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും.

LEAVE A REPLY

Please enter your comment!
Please enter your name here