തൃശൂര്‍: കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ പോലെ ഭയപ്പെടുത്തുന്നൊരു അന്തരീക്ഷം തൃശൂര്‍ ജില്ലയില്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്. മാധ്യമ വാര്‍ത്തകള്‍ പലതും ശരിയല്ലെന്നും ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതോ പേടിപ്പെടുത്തുന്നതോ ആയ സാഹചര്യം ഉണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നുമാണ് തൃശൂര്‍ ഡിഎംഒ പറഞ്ഞത്.
കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നു തന്നെയാണ് ജില്ല ആരോഗ്യവിഭാഗം പറയുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങി വരുന്ന സാഹചര്യത്തില്‍ കണക്കു കൂട്ടിയിരുന്ന രോഗവ്യാപനം മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നതും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വരും ആഴ്ച്ചകളില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ലോക് ഡൗണ്‍ പോലുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് സാഹചര്യങ്ങള്‍ മനസിലാക്കാതെയാണെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂവെന്നും എംഎല്‍എ പറയുന്നു.
മേയ് ഏഴിനാണ് വിദേശത്ത് നിന്നും ആദ്യ വിമാനം തൃശൂരില്‍ വരുന്നത്. അന്നു മുതല്‍ വരുന്ന 15 ആഴ്ച്ചക്കാലത്തേക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ ജില്ലയില്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കാലയളവില്‍ രോഗവ്യാപനത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. അടുത്ത രണ്ടാഴ്ച്ച എണ്ണം കൂടിയേക്കാം. അതു കഴിഞ്ഞ് ക്രമാനുഗതമായി എണ്ണത്തില്‍ കുറവ് വരും. ഒരു ലക്ഷത്തില്‍ പതിനായിരം പേരാണ് വിദേശത്ത് നിന്നും ഇതര സംസ്ഥനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മടങ്ങിവരുന്നതെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. 63,000 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 47,000 പേര് വിദേശത്തു നിന്നും. ഈ കണക്കുവച്ചാണ് നമ്മള് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ഓരോ ആഴ്ച്ചയും എത്രപേര്‍ രോഗബാധിതരായേക്കാം എന്നൊരു ധാരണ നമുക്കുണ്ട്. അതില്‍ കുറവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കില്‍ 218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 55 പേര്‍ക്ക് രോഗം ഭേദമായി. മൂന്നു പേര് മരിച്ചു. 10 പേര് പോസിറ്റീവ് കേസുകളായുണ്ട്. 218 ല്‍ 181 പേര് യാത്രാ സംബന്ധമായി രോഗബാധിതരായവരാണ്. സമ്പര്‍ക്കം മൂലം 37 പേര്‍ക്കാണ് രോഗം പകര്‍ന്നത്. മരിച്ച കുമാരന് എന്ന വ്യക്തിയുടെ മാത്രമാണ് രോഗ ഉറവിടം കണ്ടെത്താനാകാത്തത്. കുരീച്ചറ വെയര്‍ഹൗസ് ഗോഡൗണില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടം അടക്കം കണ്ടയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്. നിവലവില്‍ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി പൂര്‍ണമായി, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ പൊക്കശ്ശേരി ഭാഗം, 12 കോര്പ്പറേഷന് വാര്‍ഡുകള്‍ എന്നിവിടങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിരിക്കുന്നത്. എല്ലാ സ്ഥലങ്ങളും അതീവ ജാഗ്രതയോടെ കാര്യങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവമേറിയ കാര്യം തന്നെയാണ്. എങ്കില്‍പ്പോലും ഭയപ്പെടേണ്ട സാഹചര്യം അവിടെയുമില്ല. പോസിറ്റീവ് കേസുകളുമായി അടുത്തിടപഴകിയ ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ള 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പോസിറ്റീവ് ആയത്. ചാവക്കാട് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവ് ആയത് കോവിഡ് രോഗിയോട് അടുത്തിടപഴകിയതുകൊണ്ടാണ്. 19 ആംബുലന്‍സ് ഡ്രൈവര്‍മാരെ ക്വാറന്റൈനില്‍ ആക്കിയിരുന്നു. അവരെല്ലാവരും തന്നെ നെഗറ്റീവ് ആണ്. 15 ആഴ്ച്ചകള്‍ എന്നു പറഞ്ഞതില്‍ ആറാമത്തെയും ഏഴാമത്തെയും ആഴ്ച്ചകളില്‍ രോഗബാധിതരുടെ എണ്ണം കൂടിയേക്കാം. അത് നമുക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. പിന്നീടതിന്റെ തോത് കുറയും. സാഹചര്യങ്ങള്‍ ഇതൊക്കെയാണെന്നിരിക്കെ ലോക് ഡൗണ്‍ ഏര്പ്പെടുത്തണമെന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ വസ്തുതകള്‍ മനസിലാക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുമല്ലോ. അവര്‍ തന്നെ ഇത്തരം വാദങ്ങള്‍ തള്ളിക്കളയുകയാണ്. 70 ദിവസം ലോക് ഡൗണില്‍ കഴിഞ്ഞിട്ടു വരുന്ന ജനങ്ങളോട് പിന്നെയും ലോക് ഡൗണില്‍ പോകാന്‍ എങ്ങനെ പറയാന്‍ കഴിയും? ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലങ്ങളാണ്. രാഷ്ട്രീയ വിവാദത്തിനല്ല, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാണ് എല്ലാവരും തയ്യാറാകേണ്ടത്; കെ രാജന് എംഎല്‍എ പറയുന്നു.
അതേസമയം തൃശൂരില്‍ കോവിഡ് വ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയാണെന്നും ദുരഭിമാനവും ഈഗോയും മാറ്റിവച്ച് ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നുമായിരുന്നു ടി എന്‍ പ്രതാപന് എംപി പ്രതികരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ രോഗ ഉറവിടം പോലും കണ്ടെത്താനാകാത്ത സാഹചര്യം അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ജില്ലയെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടാതെ കാത്തുസംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിന് ഉണ്ടെന്നത് മറക്കരുതെന്നും തൃശൂര്‍ എംപിയായ ടി എന്‍ പ്രതാപന് പറഞ്ഞു.
കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കാണരുതെന്നും സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ അതിന്റെ മന്ത്രിയെയോ ഒരുതരത്തിലും കുറ്റപ്പെടുത്താനോ വിവാദം സൃഷ്ടിക്കാനോ അല്ല താന്‍ ശ്രമിക്കുന്നതെന്നും യാഥാര്‍ത്ഥ്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ അതിനെ വൈരാഗ്യബുദ്ധിയോടെ കാണുന്നത് നല്ല നടപടിയല്ലെന്നും എം പി പറയുന്നു.
അഞ്ചു ദിവസത്തേക്കെങ്കിലും കര്‍ശന നിയന്ത്രണം ജില്ലയില്‍ ഏര്‍പ്പെടുത്തണം. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണം. ജനങ്ങളെ ബോധവത്കരിക്കണം. ഇതൊക്കെ പറയേണ്ട ഉത്തരവാദിത്വം എം പി യെന്ന നിലയില്‍ എനിക്കുണ്ട്. മന്ത്രിമാരെയും അല്ലെങ്കില്‍ ഭരണകൂടത്തെയും തെരഞ്ഞെടുത്ത അതേ ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത ഒരാളാണ് പാര്‍ലമെന്റ് അംഗവും. എന്നെ തെരഞ്ഞെടുത്തവരോട് എനിക്ക് പ്രതിബദ്ധതയും ഉത്തരവാദിത്വവുണ്ട്. എന്റെ ജനങ്ങളെ എനിക്ക് വേണം. അതുകൊണ്ടാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. അതംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ പിന്നെന്താണ് ചെയ്യേണ്ടത്? മനുഷ്യരുടെ ജീവന്റെ പ്രശ്നമാണ്, അവിടെ ദുരഭിമാനവും ഈഗോയും പാടില്ല. പ്രതിപക്ഷ എം പി പറഞ്ഞത് ഞങ്ങള്‍ക്ക് അനുസരിക്കേണ്ടി വന്നെന്നു ജനം പറയുമെന്ന ഈഗോയാണോ സര്‍ക്കാരിന്? എം പി പറഞ്ഞിട്ട് ചെയ്തെന്നു വേണ്ട, അവര്‍ക്ക് സ്വയം കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാമല്ലോ?
പേടിക്കേണ്ട അവസ്ഥയാണ് ജില്ലയില്‍ ഉള്ളത്. സമൂഹ വ്യാപനത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നു. കുരീച്ചിറ വെയര്‍ഹൗസിലെ ചുമട്ടു തൊഴിലാളികള്‍ക്ക് രോഗം പിടിപെട്ടിരിക്കുന്നു. എത്രയോ സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റിവിട്ടിരിക്കുന്നു. രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുന്ന കാര്യമാണത്. രോഗബാധിതരുടെ സമ്പര്‍ക്ക പഥങ്ങള്പോലും ഇതുവരെ ഐഡന്റിഫൈ ചെയ്യാന്‍ സാധിച്ചിട്ടില്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരിക്കുന്ന ജില്ല തൃശൂരാണ്. ഇതൊക്കെ പേടിപ്പിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും ആളുകള്‍ പുറത്തിറങ്ങി നടക്കുകയാണ്. ജനങ്ങളെ ബോധവത്കരിക്കണം. കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കണം. അതുകൊണ്ടാണ് വെള്ളിയാഴ്ച്ച ചേര്‍ന്ന അവലോകന യോഗത്തില്‍ തിങ്കളാഴ്ച്ച വരെയെങ്കിലും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. അതംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ വരുന്ന ഭവിഷ്യത്തുകളുടെയെല്ലാം ഉത്തരവാദിത്വവും അവര്‍ തന്നെ ഏറ്റെടുക്കണം.
സര്‍ക്കാര്‍ ഇതുവരെ പറഞ്ഞു നടന്ന കാര്യങ്ങളെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് വ്യക്തമായി വരികയാണ്. എന്തുകൊണ്ട് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ചോദിച്ചാല്‍ പറയാന്‍ കാരണങ്ങളില്ല. അതുകൊണ്ടവര്‍ എല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഏങ്ങാണ്ടിയൂരില് മരിച്ച കുമാരന് എന്നയാള്‍ക്ക് എങ്ങനെ രോഗം വന്നുവെന്നുപോലും അറിയില്ല. കഴിഞ്ഞ മൂന്നുമാസമായി കുമാരന് വീടിന് പുറത്ത് പോയിട്ടില്ലെന്നു പറയുന്നു. അദ്ദേഹത്തിന്റെ കുടുംബവും പോയിട്ടില്ല. പിന്നെങ്ങനെയാണ് അദ്ദേഹം രോഗബാധിതനായതും മരിച്ചതും? നമുക്ക് ഉത്തരമില്ല. രോഗം എവിടെ നിന്നു പകര്ന്നുവെന്നുപോലും കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ എത്ര ഗുരുതരമാണ് അവസ്ഥയെന്ന് ആലോചിക്കൂ. അതിനര്‍ത്ഥം ഇവിടെയെല്ലാം രോഗം നിലനില്ക്കുന്നുണ്ടെന്നല്ലേ? അവിടെ, സര്‍ക്കാര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്?
ഇന്ത്യയില്‍ തന്നെ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശൂരാണ്. ഇതറിഞ്ഞ് നിമിഷങ്ങള്‍ക്കകം ആശുപത്രിയില്‍ എത്തി വേണ്ട കാര്യങ്ങളില്‍ ഇടപെട്ടൊരാളാണ് ഞാന്‍. പാര്‍ലമെന്റില്‍ ആദ്യമായി കോവിഡുമായി ബന്ധപ്പെട്ട് സംസാരിച്ച അംഗമാണ് ഞാന്‍. മൂന്നുതവണ ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സബ്മിഷന് അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളാരും ഒന്നും ചെയ്യാതിരിക്കുന്നവരല്ല. ആവര്‍ത്തിച്ചു പറയുന്നു, ഞാനിതൊക്കെ പറയുന്നത് സര്‍ക്കാരിനെ കുറ്റപ്പെടുത്താനല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ്. എനിക്ക് ഉള്‍പ്പെടെ ഭയമുണ്ട്. ഭരണകൂടം ഞങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കണം.
തൃശ്ശൂരില്‍ 25 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. വെള്ളിയാഴ്ച്ച ജില്ലയില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 78 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. 157 പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇന്നലെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു. തൃശ്ശൂര്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രോഗം ബാധിച്ചത് ക്വാറന്റീന് കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണെന്നാണ് സംശയിക്കുന്നത്. വടക്കേകാടും, ചാവക്കാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ജില്ലയില്‍ ലോക് ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. ജില്ലയില്‍ അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നായിരുന്നു വെള്ളിയാഴ്ച്ചത്തെ അവലോകന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പറഞ്ഞത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകുന്ന രോഗവ്യാപനത്തെ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കടപ്പാട്: രാകേഷ് സനല്‍