തൃശൂർ ∙ 7 മാസം പ്രായമായ കുഞ്ഞ്, 3 ആരോഗ്യ പ്രവർത്തകർ, ഒരു വിചാരണ തടവുകാരൻ എന്നിവർ ഉൾപ്പെടെ തൃശൂർ ജില്ലയിൽ 25 പുതിയ കോവിഡ് രോഗികൾ. 14 പേർക്കു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 8 പേർ വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശത്തു നിന്നെത്തിയ 3 പേർക്കും രോഗ ബാധയുണ്ടായി. തൃശൂർ കോർപറേഷനിലെ വിവിധ ഡിവിഷനുകൾ ഉൾപ്പെടെ 4 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ 145 പേരാണു കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലായിരുന്ന 7 പേർക്ക് ഇന്നലെ രോഗം ഭേദമായി. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 202 ആയി.

കോർപറേഷനിലെ 4 ശുചീകരണ തൊഴിലാളികൾക്കും കുരിയച്ചിറ സെൻട്രെൽ വെയർ ഹൗസിലെ 4 ഹെഡ് ലോഡിങ് തൊഴിലാളികൾക്കും സമ്പർക്കത്തിലൂടെ രോഗ ബാധ. കുരിയച്ചിറ വെയർ ഹൗസ് തൊഴിലാളികളായ ചിയ്യാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂർ സ്വദേശി (26), കുട്ടനെല്ലൂർ സ്വദേശി (30), കോർപറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂർ സ്വദേശി (54) എന്നിവർക്കു രോഗം സ്ഥിരീകരിച്ചു.


∙ ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി (37), ആരോഗ്യ പ്രവർത്തകരായ ചാവക്കാട് സ്വദേശി (51), പറപ്പൂർ സ്വദേശിനി (34), കുരിയച്ചിറ സ്വദേശി (30), ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനി (51), ക്വാറന്റീനിൽ കഴിയുന്ന വിചാരണ തടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗ ബാധ.

മേയ് 31ന് മുംബൈയിൽ നിന്നു വന്ന ചാലക്കുടി സ്വദേശിയായ യുവതി (35), ഇവരുടെ 2 മക്കൾക്കും രോഗം (7 മാസം പ്രായമായ കുഞ്ഞ്, 6 വയസ്സുകാരി)

കുവൈത്തിൽ നിന്നെത്തിയ കുന്നംകുളം സ്വദേശി (45), ആഫ്രിക്കയിൽ നിന്നു വന്ന വടക്കാഞ്ചേരി സ്വദേശി (40), ദുബായിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (30), മുംബൈയിൽ നിന്നും തിരികെ എത്തിയ പൂമംഗലം സ്വദേശി (36), പുറനാട്ടുകര സ്വദേശി (22), ബംഗാളിൽ നിന്നെത്തിയ പൂങ്കുന്നം സ്വദേശി (24), മധ്യപ്രദേശിൽ നിന്നു വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി (56) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

4 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

തൃശൂർ ∙ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ 4 കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയിലെ പ്രദേശങ്ങളും തൃശൂർ കോർപറേഷന്റെ 12 ഡിവിഷൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകൾ ആക്കി. ഈ പ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരവും നിയമ വകുപ്പ് 144 പ്രകാരവും കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

രോഗ വ്യാപന സാധ്യത കണക്കിലെടുത്താണിത്.രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റും കണ്ടെയ്ൻമെന്റ് സോൺ ആകും. ഇവിടം പൂർണമായി അടയ്ക്കും. രോഗ ബാധിതന്റെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലമാണ് സാധാരണ കണ്ടെയ്ൻമെന്റ് സോൺ. രോഗ ബാധിതന്റെ പ്രൈമറി കോൺടാക്ടുകൾ ഭൂരിഭാഗവും ഈ മേഖലയിലായിരിക്കും. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനാണു മേഖല പൂർണമായും അടച്ചിടുന്നത്.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. അവശ്യ സർവീസുകൾക്കു മാത്രം അനുവാദം. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
∙ വിവിധ സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.
∙ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു രാവിലെ 7 മുതൽ 7 വരെ പ്രവർത്തിക്കാം. വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയ്ക്കു വിലക്ക്. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം 3 ഉപഭോക്താക്കളിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല.

നിരീക്ഷണത്തിൽ 13,003 പേർ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12,834 പേരും ആശുപത്രികളിൽ 169 പേരും ഉൾപ്പെടെ ആകെ 13,003 പേരാണു കരുതൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാർജ് ചെയ്തു.

നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 803 പേരെ പുതുതായി ചേർത്തു. 985 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയതിനെ തുടർന്നു പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇന്നലെ അയച്ച 238 സാംപിളുകൾ ഉൾപ്പെടെ ഇതു വരെ 4,498 സാംപിളുകൾ വൈറോളജി പരിശോധനയ്ക്ക് അയച്ചു. അതിൽ 3,100 സാംപിളുകളുടെ ഫലം വന്നു. 980 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്.

16 പൊലീസുകാർ നിരീക്ഷണത്തിലേക്ക്

ഇരിങ്ങാലക്കുട ∙ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐ അടക്കം 16 പൊലീസുകാർ നിരീക്ഷണത്തിലേക്ക്. കാറളം പഞ്ചായത്തിലെ തെക്കേ കാവൽപുര സ്വദേശിയായ യുവാവിനാണു കോവിഡ് സ്ഥിരീകരിച്ചത്. സർക്കാർ ജീവനക്കാരനെ മർദിച്ച കേസിൽ കഴിഞ്ഞ 7നാണു ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻ‍ഡ് ചെയ്തെങ്കിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ അരണാട്ടുക്കരയിലെ സെന്ററിലേക്ക് അയച്ചു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. എസ്ഐ അടക്കം 16 പൊലീസുകാർക്ക് ഇയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടുണ്ട്. അന്നേ ദിവസം സ്റ്റേഷനിലെത്തിയവരും ആശങ്കയിലാണ്. ഇൻസ്പെക്ടർ സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും പ്രതിയുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here