ശബരിമല ദര്‍ശന വിഷയം ;തന്ത്രിയുടേത് നിലപാട് മാറ്റമെന്ന് ദേവസ്വം ബോര്‍ഡ് : ശബരിമല വിഷയം വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം: ശബരിമല ദര്‍ശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത . തന്ത്രിയുടേത് നിലപാട് മാറ്റമെന്ന് ദേവസ്വം ബോര്‍ഡും. ഭിന്നത ഉടലെടുത്തതോടെ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനായുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള ബുക്കിംഗ് തുടങ്ങിയില്ല. ദേവസ്വം ബോര്‍ഡ് ഭാരവാഹികളുമായും തന്ത്രിമാരുമായും സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഭക്തരുടെ പ്രവേശനം ഈ തീര്‍ത്ഥാടനകാലത്ത് വേണോ എന്ന് തീരുമാനിക്കൂ. ബുധനാഴ്ച (10-06-20) വൈകിട്ട് ആറ് മണിക്ക് വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം തുടങ്ങാനിരുന്നതാണ്. മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡിനോട് തന്ത്രി ആവശ്യപ്പെട്ടത്. തന്ത്രിയുടേത് നിലപാട് മാറ്റമെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് വിമര്‍ശിച്ചപ്പോള്‍ ബിജെപി തന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

മിഥുന മാസപൂജകള്‍ക്കായി ഈ മാസം 14-ാം തീയതി ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടന്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷേ, തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം ശക്തമായി. ഇതോടെ ഏറ്റുമുട്ടല്‍ ഒഴിവാക്കി സര്‍ക്കാര്‍ അയഞ്ഞു. തന്ത്രിമാരെയും ദേവസ്വംബോര്‍ഡിനെയും ഒന്നിച്ചിരുത്തി ചര്‍ച്ചയ്ക്ക് വിളിച്ചു.

തന്ത്രിമാരുടെ അഭിപ്രായം എന്തെന്ന് അറിയേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും തന്ത്രിമാരെയും ഇക്കാര്യത്തില്‍ കൂടിയാലോചനയ്ക്ക് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്”, എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

ക്ഷേത്രങ്ങള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനമെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ വേഗം നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും കോണ്‍ഗ്രസ്സും എന്‍എസ്എസ്സും പന്തളം രാജകുടുംബവുമെല്ലാം രംഗത്തെത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *