തിരുവനന്തപുരം: ശബരിമല ക്ഷേത്രം ഭക്തർക്കാതി തുറന്ന് നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉത്സവം ചടങ്ങായി മാത്രം നടത്തും. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും തന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്നും വിഷയത്തിൽ എപ്പോഴും തന്ത്രിമാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി അറിയിച്ചു. ശബരിമല ഭക്തർക്കായി തുറന്നുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്ന് തന്ത്രി അറിയിച്ചു. ഇത് സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഉത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ മാസത്തെ സ്ഥിതിയല്ല ഇപ്പോഴെന്ന് തന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ADVERTISEMENT

ക്ഷേത്രങ്ങൾ തുറക്കുന്നതിൽ വിവിധ മതനേതാക്കളുമായും ചർച്ച നടത്തിയിരുന്നതാണ്. അന്ന് എല്ലാവരും ക്ഷേത്രങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ന് സർക്കാർ തന്ത്രിയുടെ അഭിപ്രായം അംഗീകരിക്കുന്നു. സർക്കാരുമായും ദേവസ്വംബോർഡുമായും ഒരു തരത്തിലുമുള്ള അഭിപ്രായഭിന്നത ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും വ്യക്തമാക്കി. ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ തുടങ്ങേണ്ടതായിരുന്നു. അത് തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.

മിഥുന മാസപൂജക‌ൾക്കായി ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണ‌ർക്ക് ഇന്നലെ കത്ത് നൽകിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടൻ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷെ തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം മുൻകൂട്ടി കണ്ട സർക്കാർ പെട്ടെന്ന് തന്നെ തന്ത്രിയെയും ദേവസ്വംബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here