തിരുവനന്തപുരം : പ്രവാസി മലയാളി പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ മരണത്തിൽ ,അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.

ദുബായിൽ താമസ സ്ഥലത്ത് തിങ്കളാഴ്ചയാണ് നിതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണു മരണകാരണമെന്നു കരുതുന്നു. സ്വകാര്യ കമ്പനിയിൽ എൻജിനിയറായ നിതിൻ സാമൂഹികസേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ദുബായിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗർഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താൻ താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു. നിതിനും ഭാര്യക്കൊപ്പം നാട്ടിലേക്കെത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്കെത്താനുള്ള അവസരം മറ്റൊരാൾക്കായി   നൽകുകയായിരുന്നു. കോഴിക്കോട് മുയിപ്പോത്ത് സ്വദേശി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുനിയിൽ രാമചന്ദ്രന്‍റെയും ലതയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here