ഗുരുവായൂർ ദേവസ്വത്തിനെതിരെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്; ശ്രീകുമാർ ഈഴുവപ്പാടി ക്കെതിരെ സൈബർ നിയമപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഗുരുവായൂർ: വർഗ്ഗീയത വളർത്തി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ചും ഗുരുവായൂർ ക്ഷേത്രം തന്ത്രിയെയും ദേവസ്വം ചെയർമാനെയും വ്യക്തിഹത്യ ചെയ്തും അസത്യം പ്രചരിപ്പിച്ചും സ്വന്തം ഫേസ്ബുക്ക് പേജിൽ കളവും ആക്ഷേപകരവുമായ പോസ്റ്റ് പ്രസിദ്ധീകരിച്ച്, അത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഗുരൂവായൂർ നിവാസിയായ ശ്രീകുമാർ ഈഴുവപ്പാടി ക്കെതിരെ സൈബർ നിയമപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതാ കലശം ദേവസ്വം ചെയർമാൻ ഇടപെട്ടു മാറ്റിവെപ്പിച്ചതായി കളവുപറഞ്ഞും, ബഹുമാനപ്പെട്ട ഗുരുവായൂർ ക്ഷേത്രം തന്ത്രിയെയും ദേവസ്വം ചെയർമാനെയും ആക്ഷേപിച്ചും തികച്ചും വാസ്തവവിരുദ്ധവും ഗൂഢലക്ഷ്യങ്ങളോടു കൂടിയതുമായ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് സംസ്ഥാന പോലീസ് മേധാവി, തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ, സൈബർസെൽ, ഗുരുവായൂർ ടെമ്പിൾപോലീസ് അധികാരി എന്നിവർക്ക് നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഉപദേവതാ കലശം ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം ജൂൺ മാസം 22 മുതൽ 27 വരെ നടത്തുവാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ 10 ന് രാവിലെ തന്നെ ഉത്തരവിട്ട് ക്ഷേത്രം ഡിഎ യ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്‌ കടകവിരുദ്ധമായാണ് ശ്രീകുമാർ ഈഴുവപ്പാടി വ്യാജ പോസ്റ്റിട്ടത്.
ഗുരുവായൂരിൽ നിന്നും പുറത്തു വരുന്ന ഇത്തരം വ്യാജവാർത്തകൾ പലതും ക്ഷേത്ര സംവിധാനത്തെ തകർക്കുവാൻ ഉള്ള ചില തൽപരകക്ഷികളുടെ കാലങ്ങളായുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, മെമ്പർമാർ എന്നിവരെ വ്യക്തിപരമായി വരെ അപകീർത്തിപ്പെടുത്തുന്നതിൽ തുടങ്ങി ഇപ്പോൾ ആദരണീയനായ ക്ഷേത്രം തന്ത്രിയ്ക്ക് എതിരെ വരെ ഇത്തരം വ്യാജ ആരോപണങ്ങളും വാർത്തകളും ഇക്കൂട്ടർ ഇറക്കി തുടങ്ങിയിരിക്കുന്നു. അത്തരം ശ്രമങ്ങളെ നിയമപരമായി തന്നെ ശക്തമായി ദേവസ്വം നേരിടുന്നതിന്റെ ആദ്യഘട്ടമായാണ് പോലീസിൽ പരാതിപ്പെട്ടത്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ടെമ്പിൾ സി.ഐ എ.അനന്തകൃഷ്ണൻ ദേവസ്വം ചെയർമാന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻഭാസ് പത്രക്കുറിപ്പിൽ അറിയിച്ചു.

guest
0 Comments
Inline Feedbacks
View all comments