കോവിഡ്: ബ്രിട്ടനേയും മറികടന്ന് ഇന്ത്യ നാലാമത്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്. 2,91,588 രോഗികളുള്ള ബ്രിട്ടനെയാണ് ഇന്ത്യ(2,93,754 രോഗികള്‍) മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമേ കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളൂ. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ ഇരുപത് ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
മെയ് 24ന് ആദ്യ പത്തിലെത്തിയ ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തിലാണ് കുതിച്ചുയരുന്നത്. തുടര്‍ന്ന് 18 ദിവസം കൊണ്ടാണ് നമ്മള് നാലാം സ്ഥാനത്തേക്കെത്തിയത്. ഇറ്റലി, സ്പെയിന് തുടങ്ങി കോവിഡ് വലിയ നാശം വിതച്ച രാജ്യങ്ങളേയും കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയേയും ഇതിനിടെ ഇന്ത്യ മറികടന്നു.
മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ഡൗണ്‍ രാജ്യത്ത് തുടരുന്നതിനിടെയാണ് രോഗവ്യാപനം. ആകെ 500ലേറെ രോഗികളും പത്ത് മരണവും ഉള്ളപ്പോഴാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി 9,000ത്തിലേറെ കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്നത്. അവസാന 24 മണിക്കൂറില്‍ രാജ്യത്ത് 9,996 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 8,102 പേര് മരിച്ചതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്(3,483).