ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്..

ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാമെന്ന നിർദേശത്തിന് പിന്നാലെ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പുമായി തന്ത്രി. മിഥുനമാസ പുജകൾക്കായി ക്ഷേത്രം തുറക്കുമ്പോൾ ഭക്തര്‍ക്ക് പ്രവേശനം നൽകുമെന്നും ഇതിനായി ഓൺലൈൻ ബുക്കിങ്ങ് ഉൾപ്പെടെ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് തന്ത്രി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തുന്നത്.

മിഥുന മാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. ദേവസ്വം കമ്മീഷണർക്കാണ് കണ്ഠര് മഹേഷ് മോഹനര് കത്ത് നൽകിയത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവം മാറ്റി വയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നും കത്തിൽ തന്ത്രി ചൂണ്ടിക്കാട്ടുന്നു.

ജൂൺ 14 മുതൽ 28 വരെ മിഥുന മാസ പൂജകൾക്കും ഉത്സവത്തിനായും നട തുറക്കാനിരിക്കെ ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങും ഇന്ന് മുതൽ ആരംഭിച്ചിരുന്നു. പിന്നാലെയാണ് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകുന്നത്.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിൽ നിന്നും ക്ഷേത്ര സംരക്ഷണ സമിതി ഉൾപ്പെടെ വിട്ട് നിന്നിരുന്നു. ക്ഷേത്രങ്ങൾ തുറക്കുന്നതിന് എതിരെ ഹിന്ദു ഐക്യ വേദിയും ബിജെപിയും രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here