കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട്ടെക്ക് കൊണ്ടുപോവുകയാണ്.

ADVERTISEMENT

പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്കാണ് ആദ്യം മൃതദേഹം കൊണ്ടുവരിക. ആശുപത്രിയില്‍ വെച്ച് ആതിര അന്തിമോപചാരം അര്‍പ്പിക്കും. പേരാമ്പ്രയിലാണ് സംസ്കാരം. ഇന്നലെയാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ടിക്കറ്റ് സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചു. രണ്ടു പേര്‍ക്ക് ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേരള ബ്ലഡ് ഗ്രൂപ്പിന്‍റ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോൺഗ്രസിന്‍റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിംഗിന്‍റെ സജീവ പ്രവർത്തകനുമായിരുന്നു നിധിന്‍.

COMMENT ON NEWS

Please enter your comment!
Please enter your name here