ആതിര അവസാനമായി ഭര്‍ത്താവിനെ കണ്ടു; നിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ച് ഭാര്യ ആതിരയെ കാണിച്ചു. രാവിലെ 10.50 ഓടെയാണ് മൃതദേഹം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ച് ആതിരെ അവസാനമായി നിതിനെ കാണിച്ചത്. സുരക്ഷ വസ്ത്രങ്ങള്‍ അണിഞ്ഞ് വീല്‍ച്ചെയറിലിരുന്ന് എത്തിയാണ് ആതിര നിതിനെ കണ്ടത്. ഇന്ന് രാവിലെയാണ് നിതിന്റെ വിയോഗ വാര്‍ത്ത ബന്ധുക്കള്‍ ആതിരയെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നു മിനിട്ട് നേരം നിതിനെ ആതിരയെ കാണിച്ചശേഷം മൃതദേഹം പേരാമ്പ്രയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

രാവിലെ 5.45 നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ എയര്‍ അറേബ്യ വിമാനത്തിലായിരുന്നു മൃതദേഹം എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.
നിതിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ബന്ധുക്കള്‍ ആതിരയെ പ്രസവത്തിനുമുമ്പുള്ള പരിശോധനകള്‍ക്കെന്ന പേരില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജൂലൈ ആദ്യാവാരമാണ് പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം ആതിരയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ സിസേറയിന്‍ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലതാമസം വന്നപ്പോള്‍ ഗര്‍ഭിണികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയയാളാണ് നിതിന്‍. ഈ ഹര്‍ജിയിലൂടെയാണ് ആതിരയും നിതിനും വാര്‍ത്ത ശ്രദ്ധ നേടുന്നത്. ഇവരുടെ പരിശ്രമങ്ങള്‍ക്ക് ഫലവും ഉണ്ടായി.
നാട്ടിലേക്ക് മടങ്ങാന്‍ ആതിരയ്‌ക്കൊപ്പം നിതിനും വിമാന ടിക്കറ്റ് ശരിയായതായിരുന്നു. എന്നാല്‍ തന്നെക്കാള്‍ പരിഗണന കിട്ടേണ്ടവര്‍ വേറെയുണ്ടെന്നു പറഞ്ഞ് നിതിന്‍ പിന്‍വാങ്ങുകയായിരുന്നു. ആതിരയുടെ പ്രസവത്തിനു മുമ്പായി നാട്ടില്‍ എത്താമെന്നായിരുന്നു ഭാര്യയെ വിമാനം കയറ്റി വിടുമ്പോള്‍ നിതിന്‍ നല്‍കിയിരുന്ന വാക്ക്. എന്നാല്‍ ഈ വാക്ക് നിതിന് പാലിക്കാന്‍ കഴിഞ്ഞില്ല. ഉറക്കത്തിനിടയില്‍ ഹൃദായഘാതം വന്നായിരുന്നു അന്ത്യം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here