സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ആരാധനാലയങ്ങൾ ഇന്ന് തുറക്കും. ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.

ADVERTISEMENT

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പള്ളികളിൽ ഇന്ന് കുർബാന നടക്കും. സർക്കാർ നിർദേശങ്ങൾ പാലിച്ച് 100 പേരിൽ താഴെ പങ്കെടുക്കുന്ന രീതിയിലാണ് പ്രാർത്ഥന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്ന പള്ളികൾ മാത്രം കുർബാനയ്ക്കായി തുറന്നാൽ മതിയെന്ന് കെസിബിസിയും യാക്കോബായ സഭയും നിർദേശം നൽകിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. ആദ്യദിനം 310 പേരാണ് ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കുന്നത്. 9.30 മുതൽ 1.30 വരെയാണ് ദർശനം. അതേസമയം കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ആറിടങ്ങളെ കണ്ടെയ്ൻമെന്റ് സോൺ ആക്കി കളക്ടർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. അതേസമയം സാമൂതിരി ദേവസ്വം വക ക്ഷേത്രങ്ങൾ തുറക്കില്ല.

വൈറസ് വ്യാപനത്തിന്റെ സാധ്യതയുണ്ടായാൽ പള്ളികൾ അടയ്ക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ രൂപതാധ്യക്ഷന്മാർക്ക് തീരുമാനമെടുക്കാമെന്നും നിർദേശമുണ്ട്. എറണാകുളം- അങ്കമാലി, ചങ്ങനാശേരി അതിരൂപത ഒഴികെ സീറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും കുർബാന ഉണ്ടായിരിക്കും. വരാപ്പുഴ ലത്തീൻ രൂപതയുടെ പള്ളികളിൽ 10 വിശ്വാസികൾ മാത്രമെ പങ്കെടുക്കാവൂ എന്ന് നിർദേശം നൽകി.

എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പള്ളികൾ തുറക്കേണ്ടെന്നാണ് ഭൂരിഭാഗം ഇടവകകളുടെയും തീരുമാനം. കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പളളികളും തിരുവനന്തപുരം വെട്ടുകാട് ലത്തീൻ പള്ളിയും തുറക്കില്ല. അതേസമയം ദേവാലയങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ തുറക്കില്ലെന്ന് മാർത്തോമാ സഭ അറിയിച്ചു. അതിനിടെ ദേവാലയങ്ങളിൽ ആരാധനാ ക്രമീകരണങ്ങൾ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഓർത്തഡോക്‌സ് സഭ ഇന്ന് സിനഡ് യോഗം ചേരും.

വിവിധ പള്ളി കമ്മിറ്റികൾ മുസ്ലിം പള്ളികൾ തുറക്കില്ലെന്ന് അറിയിച്ചു. മലപ്പുറത്ത് പള്ളികൾ തുറക്കില്ല. സമസ്തയും മുസ്ലിം ലീഗും തമ്മിൽ പള്ളികൾ തുറക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം തുടരുകയാണ്

COMMENT ON NEWS

Please enter your comment!
Please enter your name here