ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ സംസ്ഥാനത്ത ആരാധനാലയങ്ങളിൽ ചിലത് ഇന്ന് മുതൽ ഭക്തകർക്കായി തുറന്നു. എന്നാൽ ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഉയർന്ന് വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് കോൺഗ്രസ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി മുതിർന്ന നേതാക്കൾ ആരാധനാലയങ്ങൾ തുറക്കുന്നത് വൈകുന്നതിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തതാണെന്ന് സമവായമുണ്ടായില്ലെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

ADVERTISEMENT

ആരാധനാലയങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണ്. എന്നാൽ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമവായ തീരുമാനം എടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. തികഞ്ഞ അവധാനതയോടെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത്. എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അരോഗ്യകാര്യങ്ങളില്‍ ധൃതിപിടിച്ച തീരുമാനം പാടില്ല. മതമേലധ്യക്ഷന്‍മാര്‍, അരോഗ്യ വിദഗ്ദ്ധര്‍, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ നിതാന്ത ജാഗ്രതയാണ് സര്‍ക്കാര്‍ കാട്ടേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാടിന് തീര്‍ത്തും വിരുദ്ധമാണ് മുല്ലപ്പള്ളിയുടെ പുതിയ പ്രസ്താവന. വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറക്കണമെന്നായിരുന്നു നേരത്തെ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. മദ്യം വിതരണം ചെയ്യാന്‍ കാട്ടിയ ജാഗ്രത ഇക്കാര്യത്തിലും വേണമെന്നും ജൂൺ മൂന്നിന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
വിശ്വാസി സമൂഹത്തിന്‍റെ ആവശ്യം അംഗീകരിച്ച് സർക്കാർ സ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെയ് 31 ന് ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ച് ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് എല്ലാ ആരാധനാ കേന്ദ്രങ്ങളും ഉടനടി പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ക്ഷേത്രങ്ങൾ തുറക്കുന്ന വിഷയത്തിൽ സര്‍ക്കാറിനെതിരെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ സിപിഎം- ബിജെപി നേതാക്കൾ തമ്മിൽ വാക്ക് പോരും പുരോഗമിക്കുകയാണ്.
ശബരിമലയിൽ നടത്തിയതു പോലുള്ള ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിട്ടതെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര മന്ത്രി വി മുരളീധരന് മറിപടിയായി ഉയർത്തിയ ആരോപണം. ക്ഷേത്രങ്ങള്‍ തുറക്കുന്നതിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരൻ്റെ അവസ്ഥ ‘ഹാ കഷ്ടം’ എന്നല്ലാതെ പറയാനില്ലെന്ന് ദേവസ്വം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

വിശ്വാസികളോ ക്ഷേത്ര കമ്മിറ്റികളോ ക്ഷേത്രങ്ങള്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവവിശ്വാസമില്ലാത്ത സര്‍ക്കാര്‍ വിശ്വാസികളെ താറടിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള വി മുരളീധരന്റെ പ്രസ്താവനയ്ക്കായിരുന്നു ദേവസ്വം മന്ത്രി മറുപടി പറഞ്ഞത്. കേന്ദ്ര സര്‍ക്കാർ നിർദേശമാണ് സര്‍ക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

COMMENT ON NEWS

Please enter your comment!
Please enter your name here