തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ കണ്ടെയിന്‍‍മെന്‍റ് സോണുകളുടെയും കോവിഡ് രോഗികളുടെയും എണ്ണം കൂടിയിരിക്കുകയാണ്. അനാവശ്യമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്. ഹോട്ടലുകളിലെ പാഴ്സല്‍ കൌണ്ടറുകള്‍ പ്രവര്‍ത്തിക്കും.

ഇന്നലെ 108 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കുമാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട 9, ആലപ്പുഴ, കോഴിക്കോട് 4 വീതം തിരുവനന്തപുരം, ഇടുക്കി, എറണാകുളം 3 വീതം കോട്ടയം 2മാണ് മറ്റ് പോസിറ്റീവ് കേസുകൾ. രോഗം സ്ഥിരീകരിച്ച 108 പേരിൽ 98 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 1000 കവിഞ്ഞു. അതേസമയം രോഗ വിമുക്തി നേടുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായി.

പുതുതായി 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ആകെ 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here