മെഡിക്കൽ ടീം അദ്ഭുതപ്പെട്ടു. ഡോക്ടർ പറഞ്ഞതിങ്ങനെ: ‘നിങ്ങൾ അദ്ഭുത അമ്മയും കുഞ്ഞുമാണ്..’

ADVERTISEMENT

2020 മാർച്ച് 21 വരെ, ജോസ്‍ലിൻ ആന്റണിയുടെ സ്വപ്നത്തിലെ നിറമുള്ള ദിവസം അതായിരുന്നു. തന്റെ മൂന്നാമത്തെ കൺമണി ഭൂമിയിലേക്കു വരുമെന്നു കരുതുന്ന ദിവസം… പക്ഷേ, കോവിഡ്കാലം കരുതിവച്ചതു മറ്റൊന്നായിരുന്നു, ഒട്ടും പ്രതീക്ഷിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ഒന്ന്. എന്നാൽ, ആ കാലത്തെപ്പറ്റി ജോസ്‍ലിൻ പറയട്ടെ എന്നു കരുതിയാലും തെറ്റി. മാർച്ച് 21 മുതലുള്ള ചില ദിവസങ്ങൾ ജോസ്‍ലിന്റെ ഓർമയിലില്ല, തന്റെ 36 വർഷത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിച്ച ആ ദിവസങ്ങൾ മാഞ്ഞുപോയി.

ഇപ്പോഴുള്ളത് മറ്റുള്ളവർ പറഞ്ഞുകൊടുത്ത കാര്യങ്ങളാണ്. ഒരു സിനിമക്കഥ കേട്ടു വിശ്വസിക്കും പോലെ ജോസ്‍ലിൻ അതു വിശ്വസിച്ചു. അല്ലാതെ പറ്റില്ലല്ലോ, പറയുന്നത് സ്വന്തം പാതിയായ ഷെഫി ആണ്.

സ്ഥലം: പോർട്സ്മത്, യുകെ.

കഥാപാത്രങ്ങൾ: ജോസ്‍ലിൻ ആന്റണി, മരിയ ട്രീസ, ഷെഫി തോമസ്, ജോവ്റിൽ, കെസ്റ്റർ, ത്രേസ്യാമ്മ, കുറെ അധികം ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, പിന്നെ കാഴ്ചയിൽ ഇല്ലാത്ത ആയിരക്കണക്കിന് ആളുകൾ…

കാലഘട്ടം: 2020 മാർച്ച് 13 മുതൽ മേയ് 21 വരെ

2020 മാർച്ച് 13

ജോലി ചെയ്യുന്ന നഴ്സിങ് ഹോമിലെ ഡ്യൂട്ടിക്കു ശേഷം ജോസ്‍ലിൻ മടങ്ങിയെത്തുന്നു. കോവിഡ് പടർന്നുകൊണ്ടിരിക്കുകയാണെങ്കിലും നഴ്സിങ് ഹോമിൽ ആർക്കും രോഗമോ രോഗലക്ഷണങ്ങളോ ഇല്ല എന്നത് ആശ്വാസം. വയറ്റിൽ 28 ആഴ്ചയായി വളരുന്ന കുരുന്ന് അൽപം പ്രയാസം ഉണ്ടാക്കുന്നുണ്ടെങ്കിലും പറ്റുന്നിടത്തോളം ഡ്യൂട്ടിക്കു പോകാം എന്നു വീട്ടിൽ പറഞ്ഞു.

2020 മാർച്ച് 14

ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്കു പോകുന്നില്ല എന്നു തീരുമാനിച്ചു.

2020 മാർച്ച് 16

രണ്ടു ദിവസം വിശ്രമിക്കുകയും മരുന്നു കഴിക്കുകയും ചെയ്തെങ്കിലും പനി കുറയുന്നില്ല, ചൂടു കൂടുന്നുമുണ്ട്. കുഞ്ഞ് ഉള്ളിലുള്ളതിനാൽ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു. ജോസ്‍ലിന്റെ ഭർത്താവ് ഷെഫി ആംബുലൻസ് അവശ്യപ്പെട്ട് ആശുപത്രിയിലേക്കു വിളിച്ചു.

2020 മാർച്ച് 17

ഭർത്താവ് ഷെഫിക്കും മക്കൾക്കുമൊപ്പം ജോസ്‌ലിൻ.

എക്സ്റേ പോലുള്ള ചെറിയ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ല എന്നു പറഞ്ഞ് പനിക്കുള്ള മരുന്നും നൽകി തിരിച്ചയച്ചു.

2020 മാർച്ച് 18,19

ചൂടിനു കുറവില്ല. ചിലപ്പോൾ ചൂട് നന്നായി കൂടും, ചിലപ്പോൾ കുറയും. പിടിതരാതെ പനി തുടരുന്നതിനിടെ ആശുപത്രിയിൽനിന്നു കോൾ വന്നു. 17ന് എടുത്ത എക്സ്റേ വീണ്ടും പരിശോധിച്ചതിൽ ചെറിയ ഇൻഫെക്‌‌ഷൻ ഉണ്ട്, ഉടൻ ആന്റിബയോട്ടിക്സ് കഴിച്ചു തുടങ്ങണം. ഉടൻ തന്നെ മരുന്നു കഴിച്ചുതുടങ്ങി.

2020 മാർച്ച് 20

വീണ്ടും ചൂടു കൂടിത്തന്നെ നിൽക്കുന്നു, ഒപ്പം കടുത്ത ചുമയും. ശ്വാസതടസ്സം തോന്നുന്നുണ്ട്, കഫത്തിൽ നേരിയ രക്തസാന്നിധ്യവും. വൈകുന്നേരം ഷെഫി ആശുപത്രിയിലേക്ക് ആംബുലൻസ് അവശ്യപ്പെട്ടു വിളിച്ചു.

2020 മാർച്ച് 21

പുലർച്ചെയാണ് ആംബുലൻസ് എത്തുന്നത്. ജോസ്‍ലിൻ വളരെ വിഷമകരമായ സാഹചര്യത്തിലായി. ‘ഞാൻ കോവിഡ് രോഗികളുടെ നടുവിലേക്കാണു മമ്മീ പോകുന്നത്. എനിക്കും കോവിഡ് വരും, ഇനി ഞാൻ തിരിച്ചുവരുമെന്ന് ഒരു പ്രതീക്ഷയുമില്ല, കുഞ്ഞുങ്ങൾ….’ തനിക്കൊപ്പമുള്ള അമ്മയോടു പറഞ്ഞു. സങ്കടപ്പെട്ടു വീട്ടിൽനിന്ന് ഇറങ്ങും മുൻപ് ഉറങ്ങിക്കിടന്ന മക്കളെ ഒന്നു നോക്കാൻ പോലും ജോസ്‍ലിനു ധൈര്യമില്ലായിരുന്നു. ജോസ്‍ലിനും െഷഫിയും ആശുപത്രിയിലേക്കു പോയി.

ഗുരുതരാവസ്ഥയിലായ ജോസ്‍ലിനെ ഇന്റൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് (െഎടിയു) മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ… ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദവും താണു. ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതായപ്പോൾ ജോസ്‍ലിനെ വെന്റിലേറ്ററിലേക്കു മാറ്റാൻ മെഡിക്കൽ ടീം തീരുമാനിക്കുന്നു.

ഇവിടെ മുതൽ ജോസ്‍ലിന് ഒന്നും ഓർമയില്ല.

ജോസ്‍ലിന്റെ രോഗലക്ഷണങ്ങൾ കണ്ടിട്ടു സംശയമുള്ളതിനാൽ കോവിഡ് സസ്പെക്ടഡ് കേസായി മാറ്റി. വളരെ മോശം സാഹചര്യമായതിനാലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കേണ്ടതിനാലും അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്നു പറഞ്ഞു. ഷെഫി വീട്ടിലേക്കു മടങ്ങാനും െഎസലേഷനിൽ പ്രവേശിക്കാനും നിർദേശിച്ചു.

പ്രതീക്ഷയോടെ കുഞ്ഞിനായി കാത്തിരുന്ന ഒരു കുടുംബം കരിന്തിരി കത്തുന്ന വിളക്കിന്റെ അവസ്ഥയിലേക്കു നിമിഷങ്ങൾക്കുള്ളിൽ മാറുകയായിരുന്നു. നിറകണ്ണുകളോടെ ഷെഫി വീട്ടിലേക്കു മടങ്ങി. പേടിച്ചിരുന്ന മഹാമാരി ആക്രമിച്ചു തുടങ്ങുന്നു. 28 ആഴ്ച മാത്രമായ കുഞ്ഞ്, വെന്റിലേറ്ററിലായ, കോവിഡ് പോസിറ്റീവായ ജോസ്‍ലിൻ, ഇന്നലെ വരെ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ…‌

ശനിയാഴ്ച ഉച്ചയ്ക്കു 11നു ജോസ്‍ലിന്റെ സർജറി ആരംഭിക്കുകയാണെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർഥിച്ചു. വളരെ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും മാത്രം സംഭവം പറഞ്ഞു. ഷെഫിയുടെ നാടായ കടുത്തുരുത്തിയിലെ അലരിയിലേക്കോ ജോസ്‍ലിന്റെ വീടായ കുറുമ്പനാടത്തേക്കോ മാത്രമല്ല, സന്ദേശങ്ങൾ രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ പാഞ്ഞു.

ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രാർഥന ഉയർന്നു. 2 മണിക്ക് ആശുപത്രിയിൽനിന്നു വിളിയെത്തിയപ്പോൾ വിറയ്ക്കുന്ന കൈകളോടെയാണ് ഫോൺ എടുത്തതെന്നു ഷെഫി പറയുന്നു. മോൾ വന്നു, 990 ഗ്രാം തൂക്കം, 28 ആഴ്ച വളർച്ച. വിഡിയോ കോളിലൂടെ കണ്ടു. കുഞ്ഞിനെ ശിശുവിഭാഗത്തിന്റെ സംരക്ഷണത്തിലേക്കു മാറ്റി. ജോസ്‍ലിൻ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി. കുഞ്ഞുസന്തോഷത്തെ വലിയ ആശങ്ക വിഴുങ്ങുന്ന സാഹചര്യം; കൂടെ വീട്ടിലെല്ലാവർക്കും കോവിഡ് ഭീതിയും.

2020 മാർച്ച് 22

രാവിലെ എഴുന്നേറ്റപ്പോൾ ഷെഫിക്കും മമ്മിക്കും ചെറിയ പനിപോലെ, ഭയം െപരുമഴ പോലെ പെയ്തുതുടങ്ങി. ഒന്നു കുറഞ്ഞു എന്നു തോന്നുമ്പോൾ സകല ശക്തിയോടും കൂടി മടങ്ങിവരുന്ന പെരുമഴ പോലെ… ജോസ്‍ലിന് ഒരു മാറ്റവുമില്ല. വീട്ടിലെല്ലാവരും 14 ദിവസം െഎസലേഷനിൽ. ആശ്വാസവാക്കുമായി ഒരാൾക്കും വീട്ടിലേക്കു വരാൻ പോലുമാകാത്ത അവസ്ഥ.

2020 മാർച്ച് 23

പേടിയും ആശങ്കയും പ്രാർഥനയും നിറഞ്ഞുനിന്ന പകലിനൊടുവിൽ ആശുപത്രിയിൽനിന്നു വിളിയെത്തി. ജോസ്‍ലിനു നല്ല മാറ്റമുണ്ട്, ചിലപ്പോൾ വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും. അതു കേട്ടപ്പോഴാണ് ഷെഫിക്കു ശ്വാസം നേരെ വീണത്. ജോസ്‍ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്കു മാറ്റി. ഷെഫിയുടെയും മമ്മിയുടെയും പനി കുറഞ്ഞു.

2020 മാർച്ച് 24

ആശുപത്രിക്കാഴ്ചകളിലേക്കു കൺതുറന്ന ജോസ്‍ലിനോടു മണിക്കൂറുകൾക്കു ശേഷമാണ് ഡോക്ടർ കുഞ്ഞുമോളെപ്പറ്റിയും കോവിഡിനെപ്പറ്റിയുമൊക്കെ പറഞ്ഞത്. പാതിമയക്കത്തിൽ കേട്ടതൊക്കെ സത്യമാണോ എന്നു പോലുമറിയാതെ അവൾ കിടന്നു.

2020 മാർച്ച് 25

വളരെ വേഗത്തിൽ കോവിഡിനെ തോൽപിച്ചു കയറുന്ന ജോസ്‍ലിനെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. മെഡിക്കൽ ടീം അദ്ഭുതപ്പെട്ടു. ഡോക്ടർ പറഞ്ഞതിങ്ങനെ: ‘ഞാൻ പ്രാർഥനയിൽ വിശ്വസിക്കുന്ന ആളല്ല, പക്ഷേ, ഞാൻ പോലും പ്രാർഥിച്ചു, ആ കുഞ്ഞിന് അമ്മയെ നൽകണമേ എന്ന്.. നിങ്ങൾ അദ്ഭുത അമ്മയും കുഞ്ഞുമാണ്..’

2020 മാർച്ച് 26

കുഞ്ഞിനെയും വീട്ടിലുള്ളവരെയും വിഡിയോ കോളിലൂടെ കണ്ടു സംസാരിക്കുമ്പോൾ അതു സത്യമാണോ എന്ന ചിന്തയായിരുന്നു ഉള്ളിൽ. ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ ഒരു നഴ്സ് പറഞ്ഞു, ‘കം ബാക്, കം ബാക്’ എന്നു പലപ്പോഴും അവർ എന്നോടു മന്ത്രിച്ചിരുന്നു എന്ന്; ഒന്നും ഓർമയില്ല…

2020 മാർച്ച് 27

നല്ല മാറ്റമുണ്ടായി, ചിലപ്പോൾ അടുത്ത ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങാമെന്ന് മെഡിക്കൽ ടീം അറിയിച്ചു.

2020 മാർച്ച് 28

ജോസ്‍ലിനെ ഡിസ്ചാർജ് ചെയ്യുകയാണ്. ഓർമയിൽനിന്നു മാഞ്ഞുപോയ ആ കറുത്ത ദിവസങ്ങൾ സമ്മാനിച്ച കുഞ്ഞു വലിയ സന്തോഷവും കോവിഡ് വിജയവുമായി വരുന്ന ജോസ്‍ലിനെ എങ്ങനെ കൊണ്ടുവരും എന്നായിരുന്നു ഷെഫിയുടെ ചിന്ത.
ഷെഫിക്കു കോവിഡ് പോസിറ്റീവ് അല്ലെങ്കിലും െഎസലേഷനിൽ ആയിരുന്നല്ലോ. ഒടുവിൽ ഷെഫി ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തു കാറുമായി ചെന്ന് ജോസ്‍ലിനെ കൂട്ടുകയായിരുന്നു.

വീട്ടിൽ എത്തിക്കഴിഞ്ഞു രണ്ടു തവണ സ്രവ പരിശോധന നടത്തി, നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞ് ഏപ്രിൽ ആറിനാണ് ജോസ്‍ലിനു കുഞ്ഞിനെ കാണാൻ അനുവാദം ലഭിച്ചത്. ഏപ്രിൽ 13നു മാത്രമാണ് ഷെഫിക്കു കുഞ്ഞിനെ കാണാൻ പറ്റിയത്. അതിനു ശേഷം ആശുപത്രിയിൽനിന്ന് അനുവദിക്കുന്ന ദിവസങ്ങളിൽ അവർ കുഞ്ഞിനെ കണ്ടു, ആശുപത്രിയിലെ സുരക്ഷിതത്വത്തിൽ.

2020 മേയ് 21

ജനിച്ചു രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞു മരിയ ട്രീസയുമായി ജോസ്‍ലിനും ഷെഫിയും വീടിനുള്ളിലേക്കു കയറിവരുമ്പോൾ മമ്മിയും ജോവ്റിലും കെസ്റ്ററും നിറകണ്ണുകളോടെ കയ്യടിച്ചു സ്വീകരിച്ചു. കാരണം, ഇത് മഹാമാരിയെ ജയിച്ചു വരുന്ന അമ്മയും മകളുമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here