Photo by Nandakumar Modadi

ഗുരുവായൂർ : ദേവസ്വം ബോർഡ് നിയമിക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് മാത്രം വിവാഹചിത്രങ്ങളും വീഡിയോകളും പകർത്തിയാൽ മതിയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ്‌ മൂലം തൊഴിൽ നഷ്ടപ്പെട്ട ഫോട്ടോഗ്രാഫർമാർക്ക്‌ കൂടുതൽ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയാണ്‌ ഗുരുവായൂർ ദേവസ്വം ബോർഡെന്ന്‌ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ ആൻഡ്‌ വീഡിയോഗ്രാഫേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ പറഞ്ഞു.

ബോർഡിന്റെ നിലപാടിനെതിരേ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തും. ബോർഡ്‌ നിയമിക്കുന്ന ഫോട്ടോഗ്രാഫർമാർ ഗുരുവായൂരിൽ വിവാഹത്തിനും മറ്റ്‌ പരിപാടികൾക്കും എത്തിയാൽ മതിയെന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, ബോർഡിന്‌ താത്‌പര്യമുള്ളവരെ നിയമിക്കാനാണിത്‌. ഈ നിലപാടിൽനിന്ന്‌ പിൻമാറിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ സുനിൽ മെഗാ, രജനീഷ്‌ എന്നിവർ പങ്കെടുത്തു.

കൊല്ലം കലക്ട്രേറ്റ് പരിസരത്ത് പുനലൂർ സ്വദേശി ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ ബിനോ ജോയ് ഇന്നലെ നടത്തിയ സമരം വളരെ വ്യത്യസ്തമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവിതമാർഗ്ഗം മുടങ്ങിയ ഫോട്ടോഗ്രാഫർമാർക്കു വേണ്ടിയായിരുന്നു ഈ സമരം. ഇരുകൈകളിലും ബോർഡുകൾ ഉയർത്തിപ്പിടിച്ച് മഴനനഞ്ഞായിരുന്നു പ്രതിഷേധം.

കോവിഡ്‌ കാരണം വിവാഹങ്ങൾക്ക് ആൾക്കൂട്ടവും ആഡംബരവും കുറഞ്ഞതോടെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ നഷ്ടമായി. അമ്പലങ്ങളിൽ വിവാഹങ്ങൾക്ക് അനുമതി നൽകിയതിൽ നേരിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഗുരുവായൂരിൽ വിവാഹ പാർട്ടികൾക്കൊപ്പമെത്തുന്ന ഫോട്ടോഗ്രാഫർമാർക്ക് അനുമതി നിഷേധിച്ച നടപടി പരിശോധിക്കണമെന്നാണ് ബിനോ ജോയുടെ ആവശ്യം. കൊറോണ വന്നതിനുശേഷം പട്ടിണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണ് ഞങ്ങൾ നിൽക്കുന്നതെന്നും ഇയാൾ വികാരനിർഭരനായി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചുമതലപ്പെടുത്തിയിട്ടുള്ള ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും ആണ് ഇപ്പോൾ ചിത്രങ്ങൾ എടുക്കുന്നത്. വിവാഹ സംഘത്തിനൊപ്പം എത്തുന്ന ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങൾ എടുക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നു പറഞ്ഞു.

സംഭവത്തില്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയതായും ഭാരതീയ ഫോട്ടോഗ്രാഫിക് & വീഡിയോഗ്രാഫര്‍ സംഘ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കുടപ്പനക്കുന്ന് ഉല്ലാസ്, ജനറല്‍ സെക്രട്ടറി കഴക്കൂട്ടം വിനോദ് എന്നിവര്‍ പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here